വേള്‍ഡ് വിഷന്‍ എന്ന ഒരു ഇന്റര്‍നാഷണല്‍ സന്നദ്ധ സംഘടന നടത്തുന്ന ലൈഫ് സ്‌കൂള്‍ പദ്ധതിയുടെ കാപ്ഷനായിരുന്നു അത്. ഈ ഒരു തലക്കെട്ടാണ് എന്നെ അതിലേക്ക് ആകര്‍ഷിച്ചത്.
2004ലാണ് പ്രസ്തുത സംഘടനയുമായി പാന്‍ടെക്ക് ബന്ധപ്പെടുന്നത്. ജോസ് നാഞ്ഞിലത്ത് എന്ന സന്നദ്ധ പ്രവര്‍ത്തകനാണ് മോറല്‍ സ്‌കൂള്‍ പരിപാടിയെക്കുറിച്ച് എന്നോട് പറയുന്നത്. മലപ്പുറത്തെ
‘ചലനം’ സാംസ്‌ക്കാരികസംഘടന എനിക്കൊരു ആദരവ് സംഘടിപ്പിച്ചിരുന്നു. വീല്‍ച്ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന റാബിയ എന്ന സാക്ഷരതാപ്രവര്‍ത്തകയാണ് ചലനം സാംസ്‌കാരിക വേദിയുടെ മുഖ്യ സംഘാടക.
അവരാണ് വെള്ളിലക്കാട് എന്ന അവരുടെ പ്രവര്‍ത്ത മേഖലയിലേക്ക് എന്നെ ക്ഷണിക്കുന്നത്.
മനോഹരമായൊരു മൊമെന്റോ നല്‍കിയത് പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ. രാവണപ്രഭുവാണ്.
അവിടെ വെച്ച് പരിചയപ്പെട്ടതാണ് ശ്രീ ജോസ് നാഞ്ഞിലത്തിനെ.
ലൈഫ് സ്‌കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട മോറല്‍ സ്‌കൂള്‍ കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിക്കാന്‍ റഹ്‌മാന്‍ മാഷ് മുന്‍കൈ എടുക്കുമോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കുട്ടികളില്‍ സന്മാര്‍ഗ്ഗബോധവും സര്‍ഗ്ഗാത്മകതയും വളര്‍ത്താന്‍ സാധ്യതയുള്ള ഒരു പരിപാടിയാണിതെന്നും അഞ്ച് ദിവസം വിവിധ വിഷയങ്ങളിലൂന്നിയ വിഷയങ്ങള്‍ കളികളിലൂടെയും അഭിനയത്തിലൂടെയും കഥകള്‍ പറഞ്ഞും പാട്ടുപാടിയും കുട്ടികളെ ബോധവല്‍ക്കരിക്കുന്ന ഒരു സമീപനമാണ് മോറല്‍ സ്‌കൂള്‍ വഴി നടക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചപ്പോള്‍ നോക്കാമെന്ന് ഞാനും പറഞ്ഞു.
അങ്ങനെ പാന്‍ടെക്ക് മുഖേന പരിപാടി സംഘടിപ്പിക്കാന്‍ ഞാന്‍ തയ്യാറായി. ക്ലാസ് കൈകാര്യം ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി സന്നദ്ധരാക്കി. മൂന്നാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ് നടത്തിയത്. 3, 4, ക്ലാസുകള്‍, 5, 6, 7 ക്ലാസുകള്‍ 8, 9, 10 ക്ലാസുകള്‍ എന്നിങ്ങനെയാണ്.
നദികളുടെ പേര് നല്‍കി വെവ്വേറെയാണ് അവരെ ഇരുത്തിയത്. കാവേരി, നര്‍മ്മദ, നൈല്‍ എന്നീ നദികളുടെ പേരിലായിരുന്നു ഗ്രൂപ്പ് തിരിച്ചത്. സാമ്പത്തിക ഉച്ചനീചത്വങ്ങളും വര്‍ണ്ണ വര്‍ഗ വ്യത്യാസങ്ങളും, മനസംഘര്‍ഷങ്ങളും ഇല്ലാതാക്കി മനുഷ്യര്‍ ഒന്നാണെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാനുള്ള പഠനാനുഭവങ്ങളാണ് ക്ലാസില്‍ നടന്നത്. പരിപാടി വലിയ വിജയമായിരുന്നു. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വേനലവധിക്കാലത്ത് മൂന്ന് വര്‍ഷത്തോളം മോറല്‍ സ്‌കൂളുകള്‍ സംഘടിപ്പിച്ചിരുന്നു.
പ്രവര്‍ത്തനം ഉഷാറായി നടത്തിക്കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ കോട്ടയത്ത് സംഘടിപ്പിച്ച മോറല്‍ സ്‌കൂള്‍ പുസ്തക പ്രകാശനത്തിന് എന്നെ ക്ഷണിച്ചു. സ്‌നേഹപൂര്‍വ്വം സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ കോട്ടയത്തെത്തി. കെ.കെ. റോഡിലുള്ള വെള്ളാപ്പള്ളി ചേമ്പേഴ്‌സില്‍ നടന്ന വലിയൊരു ചടങ്ങായിരുന്നു അത്.
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ പുസ്തക പ്രകാശനം നടത്താന്‍ എന്നെയാണ് സംഘാടകര്‍ ക്ഷണിച്ചത്. ഏറ്റുവാങ്ങിയത് പ്രമുഖ വനിതാ നേതാവും വയലാര്‍ രവിയുടെ ഭാര്യയുമായ ശ്രീമതി. മേഴ്സി രവിയായിരുന്നു.
ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ഓര്‍മ്മയായി എന്നെന്നും ആ ചടങ്ങുണ്ടാവും.
പഴയ ആല്‍ബം മറിച്ചു നോക്കുമ്പോള്‍ ആ ചടങ്ങിന്റെ ഫോട്ടോ കാണാനിടയായി. അപ്പോഴാണ് വേള്‍ഡ് വിഷനും മോറല്‍ സ്‌കൂളും, ഒക്കെ മനസ്സിലേക്കോടിയെത്തിയത്.
ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്യാറുണ്ട്.
ഡയറി എഴുത്ത് ഒരു ശീലമാക്കിയിട്ടുണ്ട്. 1965 മുതല്‍ തുടങ്ങിയ ഡയറി എഴുത്ത് ഇന്നലെ വരെ തുടര്‍ന്നു.
പിന്നൊന്ന് സംഭവങ്ങളുടെ ഫോട്ടോകള്‍ സൂക്ഷിച്ചു വെക്കും.
ഇപ്പോള്‍ മൊബൈലിലും ഫോട്ടോ സേവ് ചെയ്തു വെക്കാറുണ്ട്.