കാസര്‍കോട്: ഇടതുമുന്നണിയില്‍ നിന്ന് തെറ്റിനില്‍ക്കുന്ന പി.വി അന്‍വര്‍ എംഎല്‍എക്ക് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട്ടും ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കാസര്‍കോട് ജില്ലയിലെ മുള്ളേരിയ ആദൂരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് കാണപ്പെട്ടത്. ആദൂര്‍ യൂത്ത് വിങിന്റെ പേരിലാണ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ ആവേശഭരിതരായ ഒരുസംഘമാണ് ബോര്‍ഡിന് പിന്നിലുള്ളതെന്ന് ബോര്‍ഡിലെ ഉള്ളടക്കം സൂചിപ്പിക്കുന്നു. ‘ഉയരാന്‍ മടിക്കുന്ന കയ്യും പറയാന്‍ മടിക്കുന്ന നാവും അടിമത്തത്തിന്റെതാണ്, നീതിയില്ലെങ്കില്‍ നീ നീയാവുക, രാജാവ് നഗ്നനാണെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ താങ്കളാണ് യഥാര്‍ഥ പേരാളി’- എന്നാണ് ബോര്‍ഡിലെ പരാമര്‍ശം. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയാലും ആ കുട്ടി ചോദിച്ച ചോദ്യം അവിടെ തന്നെ ബാക്കിയുണ്ടാവുമെന്നും ബോര്‍ഡില്‍ ഓര്‍മ്മിപ്പിക്കുന്നു.