ക്ലച്ച് കുടുങ്ങിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് സിറ്റൗട്ടിലേക്ക് പാഞ്ഞുകയറി ഒന്‍പതുവയസുകാരന്‍ മരിച്ചു. കര്‍ണാടക പുത്തൂര്‍ കൊക്കടയിലെ മല്ലിഗെ മജലുവിലെ അബ്ദുള്‍ ഹമീദിന്റെ മകനാണ് നവാഫ് ഇസ്മായില്‍ (9) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം സിറ്റ് ഔട്ട് ഏരിയയില്‍ ഇരുന്ന് ഒരു കപ്പ് ചായ കുടിക്കുന്നതിനിടെയാണ് അപകടം. മുറ്റത്ത് ഒരു ബന്ധു കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ വാഹനത്തിന്റെ ക്ലച്ച് കുടുങ്ങി. നിയന്ത്രണം വിട്ട കാര്‍ റിവേഴ്‌സ് വന്ന് സിറ്റൗട്ടിലിരിക്കുന്ന നവാഫിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ പുത്തൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ആത്തൂര്‍ ആയിഷ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നവാഫ്. മറ്റൊരു കുട്ടി കാറില്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യവശാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ ധര്‍മ്മസ്ഥല പൊലീസ് കേസെടുത്തു.