കാസര്‍കോട്: കുമ്പള പെര്‍വാഡ് കടപ്പുറത്ത് വലയുമായി മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായ 19 കാരന്റെ മൃതദേഹം കണ്ടെത്തി. പെര്‍വാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ അര്‍ഷാദി(19)ന്റെ മൃതദേഹമാണ് ബുധനാഴ്ച 12 മണിയോടെ കുമ്പള അഴിമുഖത്ത് മല്‍സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. കരക്കെത്തിച്ച മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ വലയുമായി മീന്‍ പിടിക്കുന്നതിനിടെ തിരയില്‍ പെടുകയായിരുന്നു.പ്രദേശവാസികള്‍ നോക്കി നില്‍ക്കെയാണ് അര്‍ഷാദ് അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടത്. വിവരത്തെ തുടര്‍ന്നു മല്‍സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും തീരദേശ പൊലീസും കുമ്പള പൊലീസും രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ കോസ്റ്റല്‍ പൊലീസിന്റെയും, ഫിഷറീസിന്റെയും ഓരോ ബോട്ടുകളും, മത്സ്യതൊഴിലാളികളുടെ ബോട്ടുകളും, ഫയര്‍ഫോഴ്‌സും കടലില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടുകിട്ടിയത്. മല്‍സ്യത്തൊഴിലാളിയായ അര്‍ഷാദ് കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. പെര്‍വാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകനാണ്. അര്‍ഷാന ഏക സഹോദരിയാണ്.