തമിഴ് നടി വനിതാ വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഈമാസം 5-ാം തീയതിയാണ് വിവാഹം. വനിത തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തറിയിച്ചത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രവും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്ട്. മമ്മൂട്ടി നായകനായെത്തിയ ‘അഴകന്‍’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തി. പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന നൃത്ത സംവിധായകനായി മാറി. ബിഗ് ബോസ് സീസണ്‍ 6 ല്‍ മത്സരാര്‍ത്ഥിയായിരുന്ന വനിതയുടെ നാലാം വിവാഹമാണിത്. ആദ്യവിവാഹബന്ധങ്ങളും വിവാഹമോചനങ്ങളുമെല്ലാം നേരത്തെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 2000 സെപ്റ്റംബറില്‍ നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007ല്‍ ചില പ്രശ്‌നങ്ങളാല്‍ ഈ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. അതേവര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. എന്നാല്‍ 2012 ല്‍ ഇരുവരും പിരിഞ്ഞു. 2020ല്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാംവിവാഹം. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത വിജയകുമാര്‍ മൂന്നാമതും വിവാഹിതയായത്. എന്നാല്‍ അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു വനിത പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു. തമിഴ് നടന്‍ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്തമകളാണ് വനിത. വിജയ് യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2019 ല്‍ ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായി. ഇപ്പോള്‍ യുട്യൂബ് ചാനലില്‍ സജീവം.