സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് തീക്കൊളുത്തി കൊന്നു. രണ്ട് മക്കളും മരുമകളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പടിഞ്ഞാറന്‍ ത്രിപുരയിലെ ചമ്പക്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 62 കാരിയായ മിനതി ദേബ്‌നാഥിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മിനതിയുടെ മക്കളായ റണ്‍ബീര്‍ ദേബ്‌നാഥ്, ബിപ്ലബ് ദേബ്‌നാഥ്, റണ്‍ബീറിന്റെ ഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയോധികയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയതെന്ന് ജിറാനിയ എസ്ഡിപിഒ കമല്‍കൃഷ്ണ കോലി പറഞ്ഞു. വീടിന് പുറകിലുള്ള മരത്തില്‍ കെട്ടിയിട്ട നിലയില്‍ മിനതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മൂന്ന് ആണ്‍ മക്കളുള്ള മിനതി 2022 ല്‍ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ രണ്ട് മക്കള്‍ക്കൊപ്പം ചമ്പക്‌നഗറിലാണ് കഴിയുന്നത്. മൂത്ത മകന്‍ അഗര്‍ത്തലയില്‍ കഴിയുകയാണ്.