കോഴിക്കോട്: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് ആരോപിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിക്കുന്നത്. യു.ഡി.എഫിന്റെ സ്ലീപ്പിംഗ് സെല്ലാണ് ജമാഅത്തെ ഇസ്ലാമി. മുഖ്യമന്ത്രിയുടെയും ഇടതുസര്‍ക്കാരിന്റെയും വിശ്വാസ്യത തകര്‍ക്കുകയാണ് അന്‍വറിന്റെ ആരോപണങ്ങളുടെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിക്ക് പൊളിറ്റിക്കല്‍ അജണ്ടയുണ്ട്-മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയ്ക്കു ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചതും സംഭാവനകള്‍ നല്‍കിയതും ഇടതു സര്‍ക്കാരുകളും ഇ.എം.എസുമായിരുന്നു-മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.