മലപ്പുറം: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യെന്ന പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച നടക്കും. മലപ്പുറം, വളാഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എം.പി പ്രകാശനം നിര്‍വ്വഹിക്കും. ഒരു പുസ്തകപ്രകാശന പരിപാടി എന്നതിലുപരി ജലീലിന്റെ നീക്കത്തെ അതീവ പ്രാധാന്യത്തോടെയാണ് സിപിഎമ്മും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്.
പി.വി അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകള്‍ക്കും നിലപാടുകള്‍ക്കും ഒപ്പം നില്‍ക്കുന്ന ആളാണ് കെ.ടി ജലീല്‍ എം.എല്‍.എ. അന്‍വറിനെ പോലെ യു.ഡി.എഫ് പാളയത്തില്‍ നിന്നും ഇടതുമുന്നണിയില്‍ എത്തിയ നേതാവെന്ന പ്രത്യേകതയും കെ.ടി ജലീലിനുണ്ട്.
പുസ്തക പ്രകാശന ചടങ്ങിനു ശേഷം തനിക്കു ചിലതൊക്കെ പറയാനുണ്ടെന്നു കെ.ടി ജലീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്‍വറിന്റെ വെളിപ്പെടുത്തലുമായി കണ്ണി ചേര്‍ത്തുകൊണ്ടായിരുന്നു ജലീലിന്റെ പ്രസ്തുത പ്രഖ്യാപനം. ഇനി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു വ്യക്തമാക്കിയ കെ.ടി ജലീല്‍ നടത്തുന്ന തുറന്നുപറച്ചില്‍ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് സിപിഎം നേതൃത്വം.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്ന സമയത്ത് കെ.ടി ജലീലിന്റെ നിലപാട് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയും സിപിഎമ്മിനകത്തുണ്ട്. സി.പി.എമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു കൊണ്ട് കെ.ടി ജലീല്‍ ചൊവ്വാഴ്ച ഫേസ്ബുക്കില്‍ നടത്തിയ അനുസ്മരണവും ശ്രദ്ധേയമാണ്. ‘വാളാകാന്‍ എല്ലാവര്‍ക്കും കഴിയും. എന്നാല്‍ തന്റെ പ്രസ്ഥാനത്തിനു പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ സാധിക്കുവെന്നും അവരില്‍ ഒരാളാണ് കോടിയേരി”. എന്ന ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശത്തില്‍ വലിയൊരു കൂരമ്പ് ഉണ്ടെന്നാണ് വിലയിരുത്തപ്പെട്ടത്.