നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആളുകള്‍ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്. ഇന്‍ഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റ് ചിന്തു വെര്‍മയാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്റോറില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ പന്തലുകളിലേക്ക് കടത്തിവിടണമെങ്കില്‍ ആളുകള്‍ ഗോമൂത്രം കുടിക്കണമെന്ന ആവശ്യം ബിജെപി ജില്ലാ പ്രസിഡന്റ് ചിന്റു വെര്‍മ സംഘാടകരോട് അറിയിച്ചിട്ടുണ്ട്. ഹിന്ദുക്കളാണെങ്കില്‍ അവര്‍ക്ക് ഗോമൂത്രം കുടിക്കുന്നതിനോട് എതിര്‍പ്പുണ്ടാകില്ലെന്നും ചിന്തു വെര്‍മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സനാതന ധര്‍മത്തില്‍ വളരെ പ്രാധാന്യമുള്ളൊരു ചടങ്ങാണ് ആച്ച്മാന്‍ എന്നാണ് ഇക്കാര്യത്തില്‍ ബിജെപി നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രങ്ങള്‍ ഉരുവിട്ട് ശരീരത്തിന്റെയും മനസിന്റെയും ഹൃദയത്തിന്റെയും ശുദ്ധിക്കായി പുണ്യജലം കുടിക്കുന്ന രീതിയാണിത്.
ആധാറില്‍ പോലും മാറ്റം വരുത്താന്‍ കഴിയും. എന്നാല്‍ ഒരാള്‍ ഹിന്ദുവാണെങ്കില്‍ ഉറപ്പായും അയാള്‍ ഗോമൂത്രം കുടിക്കുമെന്നും അതില്‍ നിന്നും മാറി നില്‍ക്കില്ലെന്നുമായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. അതേസമയം, ചിന്തു വെര്‍മയുടെ ആഹ്വാനം പാര്‍ട്ടിയുടെ ധ്രുവീകരണത്തിന്റെ പുതിയ തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഗോസംരക്ഷണ കേന്ദ്രങ്ങളുടെ ദുരവസ്ഥയില്‍ ബിജെപി നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ മാത്രമാണ് അവര്‍ക്ക് താല്‍പ്പര്യമെന്നും കോണ്‍ഗ്രസ് വക്താവ് നീലഭ് ശുക്ല ആരോപിച്ചു.