കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സബ്ഡിവിഷന്‍ പരിധിയിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിനു പിന്നിലെ സൂത്രധാരന്‍ വടകര സ്വദേശിയാണെന്നു വ്യക്തമായി. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൂത്രധാരനെ തിരിച്ചറിഞ്ഞത്. ഇയാളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിനായി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും.
സഹകരണ സ്ഥാപനങ്ങളില്‍ നിന്നു ഇടനിലക്കാരെ ഉപയോഗിച്ച് മുക്കുപണ്ടം പണയപ്പെടുത്തുന്നതിനു പദ്ധതി തയ്യാറാക്കിയത് വടകര സ്വദേശിയാണ്. പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയാണ് ഏജന്റുമാരെ കണ്ടെത്തിയത്. ഇതിനകം പൊലീസിന്റെ പിടിയിലായി റിമാന്റില്‍ കഴിയുന്ന ചീമേനി, പെട്ടിക്കുണ്ടിലെ രാജേഷും കാക്കടവിലെ അഷ്‌റഫും ഇടനിലക്കാര്‍ മാത്രമായിരുന്നു. വടകര സ്വദേശിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരാളാണ് ഇരുവര്‍ക്കും മുക്കുപണ്ടങ്ങള്‍ നല്‍കിയത്. വിവിധ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച ഇരുവര്‍ക്കും ചെറിയ തുക മാത്രമാണ് കിട്ടിയത്. ഇതു സംബന്ധിച്ച അന്വേഷണത്തിലാണ് വടകര സ്വദേശിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഈ സൂത്രധാരന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറത്തെ ഒരാളാണ് വന്‍തോതില്‍ മുക്കുപണ്ടം ഉണ്ടാക്കിയെടുത്തത്. അഞ്ചു പവന്‍ സ്വര്‍ണ്ണം നല്‍കിയാല്‍ 25 പവന്‍ തൂക്കമുള്ള വളകളാണ് ഇയാള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഉരച്ചുനോക്കിയാലോ കാഴ്ചയിലോ ഒരിക്കലും മുക്കുപണ്ടമാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് വളകള്‍ നിര്‍മ്മിച്ചത്. ഇയാളെ കണ്ടെത്തി കേസില്‍ മുഖ്യസാക്ഷിയാക്കാനുള്ള ആലോചനയിലാണ് പൊലീസ് സംഘം.
അതേ സമയം ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മുക്കുപണ്ട തട്ടിപ്പു കേസില്‍ പ്രതിയായ ബാബു പനങ്ങാടി(41)നെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. മുക്കുപണ്ട തട്ടിപ്പ് കേസില്‍ പാലാത്തടത്തെ പി രാജേഷ്, കടിഞ്ഞിമൂലയിലെ കെ.വി സുമേഷ് എന്നിവരെ നേരത്തെ നീലേശ്വരം പൊലീസും അറസ്റ്റു ചെയ്തിരുന്നു.