മുംബൈ: മകളെ നിരന്തരം ഉപദ്രവിച്ച മരുമകനെ ദമ്പതികള്‍ ഓടിക്കൊണ്ടിരുന്ന ബസിനകത്തു നാട ഉപയോഗിച്ചു കഴുത്തുമുറുക്കി കൊലപ്പെടുത്തി. കോലാപൂരിലാണ് സംഭവം. സന്ദീപ് ഷിര്‍ഗാവെ(35)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്ദീപിന്റെ ഭാര്യയുടെ മാതാപിതാക്കളായ ഹനുമന്തപ്പ കാളെ, ഗൗരവകാളെ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവായ സന്ദീപ് തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും തടഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മകള്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മരുമകനെ വകവരുത്താന്‍ ദമ്പതികള്‍ പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു.
കോലാപൂരിലേക്കുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറിയ സന്ദീപിനെ ദമ്പതികള്‍ പിന്‍തുടര്‍ന്നു. യാത്രക്കിടയില്‍ സന്ദീപ് ഉറങ്ങിയ തക്കത്തില്‍ ഇരുവരും പാന്റ്‌സിന്റെ നാട ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് ഇവരെ കൂടാതെ മറ്റു രണ്ടു പേര്‍ മാത്രമാണ് ബസിനകത്ത് ഉണ്ടായിരുന്നത്. ബസ് കോലാപൂരില്‍ എത്തിയപ്പോള്‍ മൃതദേഹം ഇരുവരും ചേര്‍ന്ന് ബസ്സ്റ്റാന്റില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടുവെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.
സന്ദീപിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.