കണ്ണൂര്‍: കൊലക്കേസ് പ്രതിക്ക് താവളമൊരുക്കിയ ബി ജെ പി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. തലശ്ശേരി, മളോണിക്കാവിനു സമീപത്തെ മുരിക്കോളി വീട്ടില്‍ രണ്‍ദീപിനെയാണ് തലശ്ശേരി പൊലീസിന്റെ സഹായത്തോടെ അങ്കമാലി പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡ്. അങ്കമാലി, കറുക്കുറ്റി, പാലിശ്ശേരി ജംഗ്ഷനിലെ കൂരക്കല്‍ രഘു (35)വിനെ കാറില്‍ തട്ടിക്കണ്ടുപോയി അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എടലക്കാട് സതീഷിനു ഒളിത്താവളം ഒരുക്കി കൊടുത്തതിനാണ് രണ്‍ ദീപിനെ അറസ്റ്റു ചെയ്തത്. സെപ്തംബര്‍ നാലിനായിരുന്നു കൊലപാതകം. പ്രതികളുടെ നേതൃത്വത്തില്‍ വാറ്റി വച്ചിരുന്ന നാടന്‍ ചാരായം എടുത്തു കുടിച്ചുവെന്നതിന്റെ പേരിലായിരുന്നു തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസില്‍ പത്തു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ ഒരാള്‍ നല്‍കിയ മൊഴി പ്രകാരമാണ് രണ്‍ദീപിന്റെ വീട്ടില്‍ മുഖ്യപ്രതിയായ സതീഷ് ഒളിവില്‍ കഴിയുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചത്. പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടു വാളുകളും 23 സെന്റിമീറ്റര്‍ നീളമുള്ള എസ് കത്തിയും പിടികൂടി.