കൊച്ചി: സംവിധായകൻ ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫർ ഇടുക്കിയും മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് യൂട്യൂബ് ചാനലുകളിൽ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകിയതോടെയാണ് നടി പരാതിയുമായി എത്തിയത്. വിവാദ പരാമർശങ്ങൾ അടങ്ങിയ അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നേരത്തെ 2012ൽ ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്പോൺസർമാരിലൊരാൾക്കും അന്തരിച്ച നടന്‍ കലാഭവൻ മണിക്കും തന്നെ കാഴ്ച വയ്ക്കാൻ ജാഫർ ഇടുക്കി ശ്രമിച്ചെന്നാണ് നടി ആരോപിക്കുന്നത്.
നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു. സിനിമ മേഖലയിൽ അല്ലാത്തവർക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്.