കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 42 വർഷം കഠിന തടവും 3,10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 1മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി എം സുരേഷ് ആണ് മടിക്കൈ കണ്ടൻകുട്ടിച്ചാൽ സ്വദേശി എബിൻ ജോസഫ് പവിത്രനെ (30) ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 506(1) പ്രകാരം 2 വർഷം സാധാരണ തടവും, 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും അനുഭവിക്കണം. കൂടാതെ 376(3) പ്രകാരം 20 വർഷം കഠിന തടവും, ഒന്നരലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും, പോക്സോ ആക്ടുകൾ പ്രകാരം 20 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.2022 ഫെബ്രുവരി മാസം മുതൽ 2023 ഫെബ്രുവരി മാസം വരെയുള്ള പല ദിവസങ്ങളിലാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് സ്നേഹം നടിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. തുടർന്ന് യുവാവ് താമസിച്ച് വരുന്ന വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് ക്വാർട്ടേഴ്സിലേക്ക് വന്നില്ലെങ്കിൽ പുറത്തു പറയും എന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി. നീലേശ്വരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കേസ്സിന്റെ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടറായ കെ പി ശ്രീഹരിയും, തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന കെ പ്രേംസദനും ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.