കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കൈതേരിമുക്കിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുറ്റ്യാടി പാറക്കടവ് സ്വദേശികളായ റിസ്വാൻ (14), സിനാൻ (14) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
വെള്ളത്തിൽ ഇറങ്ങിയ ഒരാൾ അടിയൊഴുക്കിൽപെട്ടു പോവുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ മറ്റേയാൾ മുങ്ങിപോയി. വിവരത്തെത്തുടർന്ന് എത്തിയ പേരാമ്പ്ര, ചെലക്കാട് എന്നിവടങ്ങളിലുള്ള ഫയർഫോഴ്സ് യൂണിറ്റും കുറ്റ്യാടി ദുരന്തനിവാരണ സേനയും സംയുക്‌തമായി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യം ഒരു വിദ്യാർഥിയെ പ്രദേശവാസികൾ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.