കാസര്‍കോട്: പ്രമുഖരായ ഏഴ് സിനിമാനടന്മാര്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിയുടെ കൈവശം രഹസ്യങ്ങളുടെ ആറ്റംബോബുള്ളതായി സൂചന. ഇതു സംബന്ധിച്ച വിവരം നടി തന്റെ അഭിഭാഷകനെ അറിയിച്ചതായും വിവരമുണ്ട്. നടി അഭിഭാഷകനു നല്‍കിയ വിവരങ്ങളില്‍ 17 ജനപ്രതിനിധികളുടെയും ഭരണരംഗത്തുള്ള രണ്ടു ഉന്നതരുടെയും പേരുകള്‍ ഉള്ളതായും പറയുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തിരുവനന്തപുരത്തുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരുന്നതായി അറിയുന്നു. ആരോപണം ഉന്നയിച്ച സിനിമാനടിക്കെതിരെ മൂവാറ്റുപുഴ സ്വദേശിനി നല്‍കിയ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ നടി ഒളിവില്‍ പോയിരിക്കുകയാണ്. നടിക്കു വേണ്ടി കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു അഭിഭാഷകന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ സെപ്തംബര്‍ 30ന് പരിഗണിക്കുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. ഈ മാസം 25ന് ആണ് നടിക്കുവേണ്ടി കാസര്‍കോട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇതേ നടിക്കു വേണ്ടി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അഭിഭാഷകനായ സംഗീത് ലൂയിസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. തന്റെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ പല മേഖലകളില്‍ നിന്നും ഭീഷണിയുണ്ടെന്നു നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെ കേസെടുക്കുമെന്ന് പ്രചരണം ഉണ്ടായതിനെ തുടര്‍ന്ന് പല പൊലീസ് സ്റ്റേഷനുകളിലും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി ചോദിച്ചുവെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ലെന്നു അപേക്ഷയില്‍ പറഞ്ഞു. അപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി.
അതേ സമയം നടിക്കെതിരെയുള്ള പോക്‌സോ കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ പൊലീസ് ചെന്നൈയിലെത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ അടങ്ങിയ അഞ്ചംഗ പൊലീസ് ഉദ്യോഗസ്ഥരാണ് നടിയുടെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ എത്തിയത്. ഫ്‌ളാറ്റ് പൂട്ടിയ നിലയിലായതിനാല്‍ അയല്‍വാസികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് സംഘം മടങ്ങിയത്.
16 വയസ്സുള്ളപ്പോള്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ ചെന്നൈയില്‍ എത്തിച്ച് ഒരു ഹോട്ടലില്‍ വച്ച് ഒരു സംഘം ആളുകള്‍ക്ക് ലൈംഗിക ചൂഷണത്തിനായി വിട്ടുനല്‍കിയെന്നാണ് നടിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതി പ്രകാരമാണ് നടിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്. കേസിനാസ്പദമായ സംഭവം നടന്നത് ചെന്നൈയില്‍ ആയതിനാല്‍ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അവിടേക്ക് റഫര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ഇതുവരെ പ്രസ്തുത നടപടി ഉണ്ടായിട്ടില്ല.