കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര; അര്‍ജുന്റെ സംസ്‌കാരം 11 മണിക്ക്; ‘അമരാവതി’ യിലേക്ക് ജനപ്രവാഹം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തി. അപ്പോള്‍ കണ്ണാടിക്കല്‍ ഗ്രാമം ജനസാഗരമായി. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്രയായാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. വിതുമ്പലോടെ മുദ്രാവാക്യം വിളിയോടെ അര്‍ജുനെ ജന്മനാട് ഏറ്റുവാങ്ങി. അതിവൈകാരികമായ നിമിഷങ്ങള്‍ക്കാണ് കണ്ണീരണിഞ്ഞ് കണ്ണാടിക്കല്‍ സാക്ഷിയായത്. ആദ്യം ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി ആദരമര്‍പ്പിക്കാന്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ജില്ലക്കപ്പുറത്തുള്ളവര്‍വരെ ഒരു നോക്കു കാണാനെത്തിയിട്ടുണ്ട്. 11 മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കേരളാ അതിര്‍ത്തിയായ തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും കണ്ണൂരിലും വന്‍ ജനക്കൂട്ടമാണ് പ്രിയപ്പെട്ട അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്. ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എകെ ശശീന്ദ്രനും കെ.കെ രമ എംഎല്‍എയും ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാറും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങി.
ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും ലോറിയുടമ മനാഫും വിലാപയാത്രയിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page