കാസര്‍കോട്: കര്‍ണാടക ഷിരൂര്‍ ഗംഗാവലി പുഴയില്‍ മരിച്ച അര്‍ജുനു ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് ജില്ല അന്തിമോപചാരമര്‍പ്പിച്ചു. കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍ നിന്നു ഇന്നലെ വൈകിട്ട് അര്‍ജുന്റെ മൃതദേഹവുമായി ജന്മനാടായ കോഴിക്കോട്ടേക്കു പുറപ്പെട്ട ആംബുലന്‍സ് പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് ചീഫ് ഡി.ശില്‍പ്പ എന്നിവര്‍ അര്‍ജുന്റെ മുതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പുതിയ ബസ് സ്റ്റാന്റില്‍ കാത്തു നിന്ന വന്‍ ജനകൂട്ടം അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തോടൊപ്പം ആംബുലന്‍സിലുണ്ടായിരുന്ന അര്‍ജുന്റ സഹോദരീ ഭര്‍ത്താവ് ജിതിനെയും സഹോദരന്‍ അഭിജിത്തിനെയും ജില്ലാകളക്ടറും പൊലീസ് ചീഫും സാന്ത്വനിപ്പിച്ചു. 74 ദിവസം മുമ്പാണ് കാര്‍വാര്‍ ഷിരൂര്‍ ഗംഗാവലിപ്പുഴയില്‍ അര്‍ജുനെ കാണാതായത്. അര്‍ജുന്‍ ലോറിയുമായി പതിവായി സഞ്ചരിക്കുന്ന പാതയിലൂടെ കടന്നു വന്ന അന്ത്യയാത്ര, അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരെ ഈറനണിയിച്ചു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ., കാര്‍വാര്‍ എം.എല്‍.എ. സതീശ്ചന്ദ്ര സെയില്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.