മംഗ്‌ളൂരു: പുറംകടലില്‍ ബോട്ടില്‍ വച്ച് പപ്പടം കാച്ചുന്നതിനിടയില്‍ തിളയ്ക്കുന്ന എണ്ണയിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. അങ്കോല, ബെലമ്പേര്‍ സ്വദേശിയായ നവീന്‍ ഗോവിന്ദ (23)യാണ് മരിച്ചത്. മല്‍പ്പയിലെ ഒരു മത്സ്യബന്ധന ബോട്ടില്‍ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു നവീന്‍. ആഗസ്ത് 26ന് പുറം കടലിലേക്ക് മത്സ്യബന്ധനത്തിനു പോയ സമയത്തായിരുന്നു അപകടം. ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് എണ്ണ തിളപ്പിച്ച് പപ്പടം കാച്ചുകയായിരുന്നു നവീന്‍. ഈ സമയത്ത് ബോട്ട് ഉലഞ്ഞപ്പോള്‍ ബാലന്‍സ് തെറ്റിയ നവീന്‍ എണ്ണച്ചട്ടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നവീനിനെ മല്‍പ്പ മത്സ്യബന്ധന തുറമുഖത്തില്‍ എത്തിച്ചു. സ്ഥലത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസത്തെ ചികിത്സക്കിടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്.