മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ആഞ്ഞടിച്ചു പി വി അൻവർ എംഎൽഎ നടത്തിയ വാർത്ത സമ്മേളനത്തിന് പിന്നാലെ എംഎൽഎയുടെ വീടിനു മുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. അൻവര്‍ എംഎല്‍എയുടെ നിലമ്പൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് വ്യാഴാഴ്ച രാത്രി സ്ഥാപിച്ചത്.
പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്‍റെയും ചിത്രങ്ങളും ഫ്ലക്സ് ബോര്‍ഡിലുണ്ട്. കൂടാതെ സിപിഎം ഒതായി ബ്രാഞ്ച് എന്നും ഫ്ലക്സ് ബോര്‍ഡിലെഴുതിയിട്ടുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനമായിരുന്നു വാർത്തസമ്മേളത്തിൽ എംഎൽഎ ഉന്നയിച്ചത്. പി. ശശിയെ കാട്ടുകള്ളൻ എന്ന് അഭിസംബോധന ചെയ്ത അൻവർ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചിരുന്നു. കേരളത്തിൽ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അൻവർ പറഞ്ഞു. സഖാക്കൾ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും അവർ ചോദിച്ചു. അൻവറിന്റെ വാർത്ത സമ്മേളനത്തിന് ശേഷം പരാമർശങ്ങൾക്കെതിരെ സിപിഎം നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തി. അതിനിടെ പിവി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം തുവ്വൂരിൽ പിവി അൻവര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്ലക്സ് ബോര്‍ഡ്. ലീഡര്‍ കെ കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ്. പിവി അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെഴുതിയിട്ടുള്ളത്.