നാമക്കല്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍ വെച്ചാണ് തമിഴ്‌നാട് പൊലീസ് അഞ്ചുപേരെ പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. കേരള പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് തമിഴ് നാട് പൊലീസ് ദേശീയ പാതയില്‍ വല വിരിച്ചിരുന്നു. കൊള്ളയടിക്ക് ശേഷം തമിഴ് നാട്ടിലേക്കാണ് സംഘം കടന്നത്. കോയമ്പത്തൂര്‍ വഴി ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടത്. പണം കാറില്‍ കെട്ടുകെട്ടായി വച്ച ശേഷം കണ്ടയ്‌നര്‍ ലോറിയില്‍ കാര്‍ ഒളിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാറില്‍ നാല് പേരാണുണ്ടായിരുന്നത്. പിന്നീട് രണ്ട് പേര്‍ കൂടെ ചേര്‍ന്നു. രാജസ്ഥാന്‍ രജിസ്‌ട്രേഷനിലാണ് ഇവര്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍. സന്യാസിപ്പാളയത്ത് വച്ച് വാഹന പരിശോധന നടത്തവെ സംഘം പൊലീസ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു നിര്‍ത്താതെ കടന്നുപോയി. തുടര്‍ന്ന് നാമക്കലിലെ പളളിപ്പാളയത്ത് വച്ച് പൊലീസ് സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു.
തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തയിരുന്നു കവര്‍ച്ച. 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.