ലക്‌നൗ: സ്‌കൂളിന് അഭിവൃദ്ധിയുണ്ടാകുന്നതിനു വേണ്ടി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലി നല്‍കി. അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ്, രസഗവാനിലെ ഡി.എല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. സെപ്തംബര്‍ 22ന് ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേല്‍ ആണ് കേസിലെ പ്രധാനപ്രതി. ഇയാള്‍ ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നുവെന്നു പറയുന്നു. സ്‌കൂളിനു അഭിവൃദ്ധിയുണ്ടാകാന്‍ വിദ്യാര്‍ത്ഥിയെ ബലി നല്‍കണമെന്നു മകനെയും അധ്യാപകരെയും വിശ്വസിപ്പിക്കുകയായിരുന്നുവത്രെ.
സ്‌കൂളിനു പുറത്തുള്ള കുഴല്‍കിണറിനു സമീപത്തുവച്ച് വിദ്യാര്‍ത്ഥിയെ ബലി നല്‍കണമെന്നാണ് ബാഘേല്‍ മറ്റുളളവരോട് പറഞ്ഞത്. ഇതിനായി ഹോസ്റ്റലില്‍ നിന്നു കുട്ടിയെ പുറത്തെത്തിച്ചു. കുട്ടി ഭയന്ന് നിലവിളിച്ചതോടെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
മകന് സുഖമില്ലെന്നും പെട്ടെന്നു സ്‌കൂളിലെത്തണമെന്നും പ്രതികള്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചു. പിതാവ് സ്‌കൂളിലേക്ക് പോകുംവഴി കുട്ടിയുടെ നില ഗുരുതരമായെന്നും സദാബാദിലെ ആശുപത്രിയിലേക്ക് പോവുകയാണെന്നും വീണ്ടും വിളിച്ചു പറഞ്ഞു. പിതാവ് ഡയറക്ടറുടെ കാറിനെ പിന്തുടര്‍ന്നുവെങ്കിലും നിര്‍ത്താന്‍ തയ്യാറായില്ല. പിന്നീട് സദാബാദില്‍ വച്ച് കാറിനെ പിന്തുടര്‍ന്നു പിടികൂടിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സെപ്തംബര്‍ 9ന് മറ്റൊരു വിദ്യാര്‍ത്ഥിയെ ബലി നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. അതിനുശേഷമാണ് രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തത്. പൊലീസ് അന്വേഷണത്തില്‍ ദുര്‍മന്ത്രവാദത്തിനുള്ള വസ്തുക്കള്‍ കണ്ടെത്തി.