കാസര്‍കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെരുമ്പള സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോലിയോട്ട് അബ്ദുല്‍ ഖാദര്‍ (47) ആണ് ആശുപത്രിയിലായത്. കാറഡുക്ക, പൂവടുക്കയിലെ ഹോട്ടല്‍ തൊഴിലാളിയാണ്. ബുധനാഴ്ച രാത്രി 9.15ന് ജോലി കഴിഞ്ഞ് മകനൊപ്പം ബൈക്കില്‍ പെരുമ്പളയിലെ വീട്ടിലേക്ക് പോവുകയായിരുന്നു അബ്ദുല്‍ഖാദര്‍. ബൈക്ക്, കോട്ടൂര്‍, അക്കര ഫൗണ്ടേഷന്‍ സ്റ്റോപ്പിനു സമീപത്ത് എത്തിയപ്പോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അബ്ദുല്‍ഖാദര്‍ ബഹളം വച്ചതോടെയാണ് കാട്ടുപന്നി അക്രമത്തില്‍ നിന്നു പിന്മാറിയത്.
കാല്‍മുട്ടു തകര്‍ന്ന അബ്ദുല്‍ ഖാദറിനെ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.