
കാസര്‍കോട്: കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിനു കീഴില്‍ രാജ്യാന്തര നിലവാരത്തിലുള്ള സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുണിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി എന്ന പേരിലായിരിക്കും സര്‍വ്വകലാശാല ആരംഭിക്കുക. സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായി. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഐ.ഐ.ടി, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കായി അടുത്തവര്‍ഷം കുണിയ എന്‍ട്രന്‍സ് അക്കാദമി, കുണിയ കോളേജ് ഓഫ് ലോ, കുണിയ കോളേജ് ഓഫ് നഴ്‌സിംഗ്, കുണിയ കോളേജ് ഓഫ് ഫാര്‍മസി എന്നിവയും പ്രവര്‍ത്തനം ആരംഭിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 400 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, രാജ്യാന്തര നിലവാരമുളള ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍, നാലായിരം പേര്‍ക്ക് ഇരിക്കാനുള്ള ജില്ലയിലെ ഏറ്റവും വലിയ ഓഡിറ്റോറിയം, സ്‌പോര്‍ട്‌സ് സിറ്റി എന്നിവയാണ് മറ്റു പദ്ധതികള്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഐ.എ.എസ് അക്കാദമിയില്‍ പരിശീലനം ലഭിച്ച രണ്ട് പേര്‍ പ്രിലിമിനറി പരീക്ഷ പാസായി. രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബ് ആയി വടക്കേ മലബാറിനെ മാറ്റുകയാണ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നതെന്നു സ്റ്റേറ്റ് ഭാരവാഹികളായ അഹമ്മദ് സഹീല്‍ ഇബ്രാഹിം, ഷംസാദ് അഹമ്മദ്, അബ്ദുല്‍ നസീര്‍ പട്ടുവത്തില്‍, ടി.എ നിസാര്‍, ചീഫ് അക്കാദമിക് അഡൈ്വസര്‍ പ്രൊഫ. സുധീര്‍ ഗവാനി, അക്കാദമിക് ഡയറക്ടര്‍ കെ.വി യഹ്‌യ, യു.കെ ബെക്കിംഗ് ഹാം ഷയര്‍ സര്‍വ്വകലാശാല പാര്‍ട്ണര്‍ഷിപ്പ് ഹെഡ് മൈക്ക് ഡെര്‍മിറ്റ്, സീനിയര്‍ പാര്‍ട്ണര്‍ഷിപ്പ് ഓഫീസര്‍ വില്യം ലിഷ്മാന്‍ എന്നിവര്‍ അറിയിച്ചു.