സ്‌കൂള്‍ വിട്ടശേഷം കുളത്തില്‍ നീന്താന്‍ ഇറങ്ങിയ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കര്‍ണാടക ബൈന്ദൂര്‍ ലേഔട്ടില്‍ താമസിക്കുന്ന കൃഷ്ണയുടെ മകന്‍ നാഗേന്ദ്ര (13), റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷാനു ഷാലിയന്റെ മകന്‍ മുഹമ്മദ് ഷഫാന്‍ (13) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
ബൈന്ദൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥികളാണ് ഇരുവരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ഭക്ഷണത്തിനായി വീട്ടിലേക്ക് പോയിരുന്നു. ഇരുവരും പിന്നീട് നീന്താനായി കുളക്കടവില്‍ എത്തി. ഒരാള്‍ക്ക് നന്നായി നീന്താന്‍ അറിയില്ലായിരുന്നു. രണ്ടുപേരും ആവേശത്തോടെ നീന്തുന്നതിനിടെ ഒരാള്‍ മുങ്ങിത്താണു. രക്ഷിക്കാനുള്ള ശ്രമം നടത്തിയ രണ്ടാമനും മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രാത്രിയായിട്ടും കുട്ടികള്‍ വീട്ടിലേക്ക് മടങ്ങാത്തതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും പലേടത്തും തെരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ കുളക്കടവില്‍ ഇരുവരുടെയും സൈക്കിളും രണ്ടുജോഡി ചെരിപ്പുകളും വസ്ത്രങ്ങളും കണ്ടതോടെയാണ് സംശയം ജനിച്ചത്. നാട്ടുകാര്‍ കുളത്തില്‍ നടത്തിയ തെരച്ചിലില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെ ഷാനു മുഹമ്മദ് ഷഫാന്റെ മൃതദേഹവും, രണ്ടരയോടെ നാഗേന്ദ്രയുടെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങള്‍ ബൈന്ദൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. ബൈന്ദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.