1960-70 കളിലെ പട്ടിണിയിലും കഷ്ടപ്പാടിലും പെട്ടുഴലുന്ന മനുഷ്യര്‍ അതില്‍ നിന്നുള്ള മോചനത്തിനായി തീവ്രശ്രമത്തിലായിരുന്നു. ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍, അരവയറെങ്കിലും നിറയാന്‍ പെടാപാട് പെടുകയായിരുന്നു. സ്ത്രീകളാണ് ഏറെ വിഷമിക്കേണ്ടി വന്നത്. കാര്‍ഷിക മേഖലയില്‍ മാത്രമാണ് എന്തെങ്കിലും തൊഴില്‍ സാധ്യതയുണ്ടായിരുന്നത്. അതും നാമമാത്രമായേ കിട്ടുകയുള്ളു. വീടുകളില്‍ വെച്ചു ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രാമീണ സ്ത്രീകള്‍. അങ്ങിനെയാണ് അവിലിടിച്ച് ജീവിക്കാനുള്ള ഒരു വഴി കണ്ടെത്തിയത്. കുറച്ച് മുടക്കുമുതല്‍ അതിന് വേണ്ടി വരും. ഒരു ഷെഡ് വേണം. അത് വീടിന്റെ ഇറയത്ത് തന്നെ ഓല കൊണ്ട് ഞാലികെട്ടാം. പ്രത്യേകം ഷെഡ് ഉണ്ടായാല്‍ നല്ലത്. നാടന്‍ പണിക്കാരായ ആശാരിയുടെയും ഇരുമ്പ് പണിക്കാരന്റെയും സേവനം വേണ്ടി വരും. മൂന്ന് മീറ്ററിലെങ്കിലും നീളത്തിലുള്ള തുലാന്‍ വേണം; അവിലിടിക്കാനുള്ള ഇരുമ്പ് കച്ച് ഉറപ്പിച്ചുള്ള മരം കൊണ്ടുള്ള ‘കൂടം’ വേണം. തുലാന്റെ മധ്യത്തില്‍ തുളയുണ്ടാക്കി ഒരു തണ്ട് ഇരു ഭാഗത്തേക്കും രണ്ടടി കടന്ന് നില്‍ക്കണം ആ തണ്ട് ഇരുഭാഗത്തും കുത്തി ഉറപ്പിച്ചു നിര്‍ത്തിയ കുറ്റികളുടെ മുകളില്‍ തെന്നിപ്പോകാതെ കയറ്റി വെക്കണം. കൂടവും കച്ചും കൃത്യമായി നിലത്ത് കുഴിച്ചിട്ട ഉരലിന്റെ കുഴിയില്‍ പതിക്കുന്ന വിധത്തില്‍ ഘടിപ്പിക്കണം. തുലാത്തിന്റെ ഒരു ഭാഗത്ത് ചവിട്ടുമ്പോള്‍ ചെറിയ കുഴിയിലേക്ക് താണു നില്‍ക്കണം. അപ്പോള്‍ കൂടവും കച്ചും ഇടി ഉരലില്‍ പതിക്കും. ഇനി അത്യാവശ്യം വേണ്ടത് ഇടി നിര്‍ത്തുമ്പോള്‍ തുലാന്‍ താങ്ങിനിര്‍ത്താന്‍ ഒരു തണ്ട്. ഉപകരണം പൂര്‍ത്തിയായി.
നെല്ല് വറുക്കാന്‍ ഒരു സൈഡ് പൊട്ടിച്ചെടുത്ത മണ്‍കലം, നെല്ല് ഇളക്കി വറുത്തെടുക്കാന്‍ ചൂല് പോലുള്ള സാധനം. കാല് കൊണ്ട് ഇടിക്കുമ്പോള്‍ ഇടത്തേ കൈ താങ്ങാന്‍ മുകളില്‍ കെട്ടിയ ചരട് ഉണ്ടാവും. പിന്നെ ഒരു അരിപ്പയും ചട്ട്വനും.
അവിലുണ്ടാക്കാന്‍ വേണ്ടുന്ന ഒരേ ഒരു അസംസ്‌കൃത വസ്തു നെല്ലാണ്. ആദ്യ പണി അവിലുണ്ടാക്കാനുള്ള നെല്ല് ‘അമിക്കലാണ്’ തലേനാള്‍ രാത്രി വലിയൊരു കലത്തില്‍ നെല്ല് പൊതിര്‍ത്ത് തിളപ്പിക്കണം. നെല്ല് പകുതി വേവ് മാത്രമെ ആകാവൂ. നെല്ല് വച്ച കലം കമഴ്ത്തി വെച്ച് വെള്ളം പുറത്തു കളയണം.
രാവിലെ അവിലുല്‍പ്പാദനം തുടങ്ങാം. അമിച്ച നെല്ല് എടുത്ത് വറുക്കാന്‍ കലത്തിലിട്ടും. അത് ചൂലു പോലുള്ള സാധനം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുമ്പോള്‍ പൊട്ടിത്തെറിക്കും. അതെടുത്ത് ഉരലിനടുത്ത് ഇളക്കാന്‍ ഇരിക്കുന്ന ആളുടെ കയ്യില്‍ കൊടുക്കും. അവരത് ഉരലില്‍ ഇടും. അപ്പോഴേക്കും ഇടിക്കുന്ന ആള്‍ അവരുടെ പണി തുടങ്ങും. ഒരു കാലു കൊണ്ട് തുലാന്‍ ചവിട്ടിത്താഴ്ത്തും. കാല് പൊക്കുമ്പോള്‍ മറുതലക്കുള്ള കച്ച് വെച്ച കൂടം ഉരലില്‍ പതിക്കും. പതിക്കുന്ന സമയം ക്ലിപ്തപ്പെടുത്തി ചട്ടുകം കൊണ്ട് അവല്‍ ഇളക്കുന്ന വ്യക്തി ഇളക്കിക്കൊണ്ടിരിക്കും. ഇടിക്കുന്ന ആള്‍ മൂന്ന് കാര്യം ചെയ്ത് കൊണ്ടിരിക്കണം. നെല്ല് വറുക്കണം, കാല് കൊണ്ട് ചവിട്ടണം. നെല്ല് പാകമായാല്‍ എടുത്ത് ഇളക്കാനിരിക്കുന്ന ആള്‍ക്ക് കൊടുക്കണം. ഇടി ഉരലിനടുത്തിരിക്കുന്ന ആള്‍ ഇളക്കുകയും, പാകമായാല്‍ തുലാം പൊക്കി വെക്കാന്‍ തണ്ട് വെക്കുകയും വേണം, ഉരലില്‍ നിന്ന് അവിലും ഉമിയും വാരിയെടുത്തു അരിപ്പയില്‍ ഇട്ട് വെക്കണം. രണ്ടു പേര്‍ക്കും നല്ല അധ്വാനമാണ്.
പഴയ കാലത്ത് അവിലും നെല്ലും അളന്ന് കണക്കാക്കുക ‘ഇടങ്ങഴി’യിലാണ്. 5 ഇടങ്ങിഴി അവില് കിട്ടാന്‍ 10 ഇടങ്ങഴി നെല്ല് കൊടുക്കണം. അത്യാവശ്യത്തിന് പണത്തിനും അവില് നല്‍കും. എങ്കിലും രാവിലെ തുടങ്ങി വൈകീട്ടാവുന്നതുവരെ രണ്ടു പേര്‍ അധ്വാനിച്ചാല്‍ പത്തിടങ്ങഴി വരെ അവില് ഉണ്ടാക്കാം. കഠിനാധ്വാനമാണ്. കന്നി മാസത്തിലൊക്കെ നല്ല പണി ഉണ്ടാവും. അവിലു കൊണ്ട് പലതരത്തില്‍ പലഹാരമുണ്ടാക്കാം അവിലുണ്ട, അവില്‍ പായസം, തൊണ്ടവില്‍, വറുത്തവില്‍ തുടങ്ങിയവ. വൈകുന്നേരം പീടികകളില്‍ അവല്‍ എത്തിച്ചു കൊടുക്കും. പകരം നെല്ലോ പൈസയോ വാങ്ങും.
കാമ്പും, കണ്ടയും, കുമ്പും വിവിധ തരം ഇലകളും ചക്കയും, മാങ്ങയും തിന്ന് ജീവിച്ചു വന്ന കാലം. എളേക്ക പുഴുങ്ങിയ വെള്ളത്തില്‍ പറങ്കി പൊടിച്ച് കറിയാക്കി കഴിച്ച കാലം. കടയില്‍ നിന്ന് കിട്ടുന്ന ഉണക്കമീന്‍ ചുട്ട് കഞ്ഞികുടിച്ച കാലം. ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് കിടന്നുറങ്ങിയ അവസ്ഥ.
ആ കാലത്താണ് പട്ടിണി മാറ്റാന്‍ കഠിനാധ്വാനം ചെയ്ത സ്ത്രീ ജന്മങ്ങള്‍ ജീവിച്ചു വന്നത്.