ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി
ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനുള്ളില്‍ മൃതദേഹം കണ്ടെത്തി. ക്യാബിനില്‍ എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷം കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തു. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. മൃതദേഹ ഭാഗം വിദഗ്ദ്ധ പരിശോധനക്ക് അയക്കും. മണ്ണിടിച്ചിലില്‍ കാണാതായ ലോറി 71-ാം ദിവസമാണ് കണ്ടെത്തിയത്.
അര്‍ജുന്റെ ലോറി തന്നെയാണെന്ന് മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ ഡ്രഡ്ജര്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലില്‍ ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. സിപി 2വില്‍ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി കിടന്നത്.