കാസര്‍കോട്: ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ഒരു പവന്‍ തൂക്കമുള്ള കൈചെയിനുമായി കടന്നു കളഞ്ഞു. കുമ്പളയിലെ രാജധാനി ജ്വല്ലറിയില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.
ബുര്‍ഖയിട്ടെത്തിയ യുവതി ജ്വല്ലറിയിലെത്തുകയും ആഭരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ നേരത്തെ പരിശോധനക്കു ശേഷം ക്യാഷ്‌കൗണ്ടറിലെത്തിയ യുവതി, ആവശ്യമുള്ള ആഭരണങ്ങള്‍ നോക്കി വച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം വരാമെന്നും പറഞ്ഞാണ് സ്ഥലം വിട്ടത്.
രാത്രി ജ്വല്ലറി അടയ്ക്കുന്നതിനു മുമ്പ് ആഭരണങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലാണ് കൈചെയിന്‍ നഷ്ടപ്പെട്ട കാര്യം വ്യക്തമായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ബുര്‍ഖയിട്ടെത്തിയ യുവതി ആഭരണം പരിശോധിക്കുന്നതിന്റെയും കൈചെയിന്‍ കൈക്കലാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ജ്വല്ലറി ഉടമ ഹമീദ് കുമ്പള പൊലീസില്‍ പരാതി നല്‍കി.