എല്ലാ മാസവും വ്രതമെടുത്തു ശബരിമലയിൽ എത്തും; ഭക്തികൊണ്ടല്ല, ലക്ഷ്യം കാണിക്ക വഞ്ചി മോഷണം; പ്രതിയെ വിദഗ്ദ്ധമായി കുടുക്കി പമ്പ പൊലീസ്

ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി ജില്ലയിൽ, കീലസുരണ്ട എന്ന സ്ഥലത്ത് താമസിക്കുന്ന മുരുകന്റെ മകൻ സുരേഷ്(32) ആണ് അറസ്റ്റിലായത്. ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് പമ്പ പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത്. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ ഓഗസ്റ്റ് ഇരുപതിന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാൾ പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. നട അടച്ച ശേഷം സംഭവം ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. സന്നിധാനത്തെയും, പമ്പയിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും, ചെയ്തിരുന്നു. കള്ളനെ കണ്ടെത്താൻ പ്രത്യേകസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇക്കുറി കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു.അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. എന്നാൽ വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാൾ ഫോൺ ഉപയോഗിക്കാത്തത് പൊലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.അങ്ങനെ ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ട എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണസംഘം വിദഗ്ദ്ധമായി കുടുക്കി. തുടർന്ന് പമ്പ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം റാന്നി ഡിവൈ.എസ്.പി ആർ ജയരാജിൻറെ നേതൃത്വത്തിൽ പമ്പ പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്.വിജയൻ, എസ് ഐ കെ വി സജി, എസ് സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, ഗിരിജേന്ദ്രൻ, സി പി ഓമാരായ അനു.എസ്.രവി, വി എം അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി വലയിലാക്കിയത്. സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page