കണ്ണൂര്‍: പത്തു വയസ്സുള്ള അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പോക്‌സോ കേസെടുത്തതിനു പിന്നാലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജീവനൊടുക്കി. കതിരൂര്‍, പാറാല്‍, ഇടയില്‍പ്പീടികയില്‍ ആനന്ദ് ഭവനത്തില്‍ അനില്‍ കുമാര്‍ (59)ആണ് തൂങ്ങി മരിച്ചത്. അധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ചതിനു ശേഷമാണ് സ്വകാര്യ സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലി ആരംഭിച്ചത്.
കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അനില്‍കുമാറിനെതിരെ കതിരൂര്‍ പൊലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.
ഓണാവധിക്കു ശേഷം തിങ്കളാഴ്ചയാണ് സ്‌കൂള്‍ തുറന്നത്. സ്‌കൂളിലെത്തിയ അനില്‍കുമാര്‍ വൈകുന്നേരം വീട്ടിലേക്ക് പോയിരുന്നില്ല. രാത്രിയോടെ തൂങ്ങി മരിച്ചതായിരിക്കുമെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാന്‍ എത്തിയ ജീവനക്കാരാണ് പ്രിന്‍സിപ്പാളിനെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്.ഐ ബിജോയിയുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.