കൊച്ചി: മുന്‍ എല്‍.ഡി.എഫ് കണ്‍വീനറും സിപിഎം നേതാവുമായ എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി മെഡിക്കല്‍ കോളേജിനു കൈമാറാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും.
മൃതദേഹം ആശുപത്രിക്കു കൈമാറാന്‍ കുടുംബത്തോടു പറഞ്ഞിരുന്നില്ലെന്നു ആശ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറാനാണ് ആശയുടെ മൂത്ത സഹോദരനും സഹോദരിയും തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് ആശ എതിര്‍പ്പുമായി കോടതിയെ സമീപിച്ചത്. താന്‍ കൂടി ചേര്‍ന്നാണ് എം.എം ലോറന്‍സിന്റെ കുടുംബമെന്നും തന്നോട് ഇത്തരമൊരാഗ്രഹം പിതാവ് പറഞ്ഞിട്ടില്ലെന്നും ആശ പറഞ്ഞു. അതേ സമയം മൃതദേഹം മെഡിക്കല്‍ കോളേജിനു കൈമാറണമെന്നാണ് മറ്റു രണ്ടു മക്കളായ എം.എല്‍ സജീവന്റെയും സുജാതയുടെയും നിലപാട്. ഇതു പിതാവിന്റെ അഭിലാഷമാണെന്നും അദ്ദേഹം ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും സജീവന്‍ വെളിപ്പെടുത്തി. അച്ഛന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിനു കൈമാറുന്നതെന്നും ഇതു സംബന്ധിച്ച് എഴുതി വച്ചിട്ടുണ്ടാകുമെന്നും മകന്‍ സജീവ് പറഞ്ഞു. അമ്മ ഉണ്ടായിരുന്നുവെങ്കില്‍ അച്ഛന്റെ മൃതദേഹം മെഡിക്കല്‍ കോളേജിനു കൈമാറാന്‍ അനുവദിക്കില്ലെന്നായിരുന്നുവെന്നുിം മതപരമായ ചടങ്ങുകളോടെ സംസ്‌കാരം നടത്തണമെന്നും ആശ ആവശ്യപ്പെട്ടു.