അലബാമ സര്‍വ്വകലാശാലയ്ക്ക് സമീപം വെടിവെപ്പ്: നാല് മരണം; 18 പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍

അലബാമ: ബര്‍മിംഗ്ഹാമിലെ അലബാമ സര്‍വ്വകലാശാലയ്ക്ക് സമീപം നടന്ന കൂട്ട വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സംഘം ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവെച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെ പിടികൂടുന്നതിന് എഫ്ബിഐയുമായും മറ്റ് ഫെഡറല്‍ ഏജന്‍സികളുമായും ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 5,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തു. സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും കൈവശമുള്ളവര്‍ അതു പൊലിസിനു കൈമാറണമെന്നും അതിനുവേണ്ടി വെബ് പോര്‍ട്ടല്‍ തുറന്നിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. നഗരത്തിലെ ഫൈവ് പോയിന്റ്‌സ് സൗത്ത് ഏരിയയില്‍ ശനിയാഴ്ച രാത്രി ഒന്നിലധികം ഷൂട്ടര്‍മാര്‍ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ നിരവധി തവണ വെടിയുതിര്‍ത്തതായി ബര്‍മിംഗ്ഹാം പൊലീസ് ഓഫിസര്‍ ട്രൂമാന്‍ ഫിറ്റ്സ് ജെറാള്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. നാലാമത്തെയള്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. വെടിയേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിന്റ്‌സ് സൗത്. ധാരാളം ആളുകള്‍ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്. ഇവിടുത്തെ മഗ്‌നോളിയ അവന്യൂവിലാണ് വെടിവെപ്പ് നടന്നത്. വെടിയൊച്ചകള്‍ കേട്ടപ്പോള്‍ ഓട്ടോമേറ്റിക് തോക്കില്‍ നിന്നാണെന്ന് തോന്നിയതായി ആ സമയത്ത് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ യുഎസിലുടനീളം 400-ലധികം കൂട്ട വെടിവയ്പ്പുകള്‍ നടന്നിട്ടുണ്ട്.
ബര്‍മിംഗ്ഹാമിലെ സംഭവം, രണ്ട് മാസത്തിനിടെ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്പ്പും 2024 ലെ മൂന്നാമത്തെ കൂട്ട കൊലപാതകവുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page