നാരായണന്‍ പേരിയ
‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന് വിശേഷിപ്പിക്കേണ്ട മതേതര ഭരണഘടന പ്രാബല്യത്തിലുള്ള രാഷ്ട്രമാണല്ലോ ഇന്ത്യ. ‘മതേതരം’-അഥവാ ‘മതനിരപേക്ഷം’-എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമല്ല. പലതരത്തില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്; ഭരണഘടനയുടെ കരട് ചര്‍ച്ചയില്‍ തന്നെ.
ഔദ്യോഗിക പദവികളില്‍ ഇരിക്കുന്നവര്‍ മതചടങ്ങുകളില്‍ സംബന്ധിക്കുന്നതില്‍ തെറ്റും നിയമവിരുദ്ധതയും ഇല്ല എന്നാണ് നിലപാട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് തികച്ചും ശരി എന്ന് പറയും. അതും പൊതു ഖജനാവിലെ പണം ചെലവിട്ട്. മന്ത്രിമാരും ന്യായാധിപന്മാരും ഉള്‍പ്പെടെ. വിശ്വാസം- അതാണ് തങ്ങള്‍ക്ക് ഏറ്റവും വലുത് എന്ന് അവര്‍ പറയും.
കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ഗണേശ്പൂജ ആഘോഷത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചത് വലിയ വിവാദങ്ങള്‍ ഇളക്കി വിടുകയുണ്ടായി. സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ വിമര്‍ശനവുമായി രംഗത്തിറങ്ങി. ഇത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ എന്ന് മറുപക്ഷം ചൂണ്ടിക്കാട്ടി. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ, 2009ല്‍ ‘ഇഫ്താര്‍’ വിരുന്ന് -സല്‍ക്കാരത്തില്‍ (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചടങ്ങ്) അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ പങ്കെടുക്കുകയുണ്ടായി. ഇക്കാര്യം ബി.ജെ.പി വക്താവ് ഷെര്‍സാദ് പൂനാവാല ഓര്‍മ്മിപ്പിച്ചു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ സംസ്ഥാനത്ത് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആയിരിക്കെ ജ.വി.പി മോഹന്‍ കുമാര്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂരമ്പല സന്ദര്‍ശനം നടത്താറുണ്ടായിരുന്നു-2004ല്‍. അതിനായി, തൃശൂര്‍ജില്ലയിലെ കമ്മീഷന്‍ സിറ്റിംഗ് ഗുരുവായൂരിലാക്കി. (മറ്റു ജില്ലകളില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സുകളില്‍ സിറ്റിംഗ്). ഈ ഗുരുവായൂര്‍ യാത്രയും സര്‍ക്കാര്‍ ചെലവില്‍.
ജ. മോഹന്‍കുമാറിന്റെ ചെയര്‍മാന്‍ നിയമനം തന്നെ നിയമം മറികടന്നായിരുന്നു. റിട്ട. ചീഫ് ജസ്റ്റിസിനു മാത്രമേ മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാനാകാന്‍ പാടുള്ളു എന്നാണ് നിയമം. മോഹന്‍കുമാര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു; ചീഫ് ജസ്റ്റിസായിരുന്നില്ല. ഈ ക്രമക്കേട്-നിയമവിരുദ്ധത-ചൂണ്ടിക്കാട്ടി ഒരു പൊതുപ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചു. കോടതി നിയമനം അസാധുവാക്കി.
എം.എം ഹസ്സന്‍ മന്ത്രിയായിരിക്കെ തന്റെ ഔദ്യോഗിക വസതിയില്‍ ഇഫ്താര്‍ സല്‍ക്കാരം നടത്തുകയുണ്ടായി. സര്‍ക്കാര്‍ ചെലവില്‍. വിരുന്നിനുള്ള ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചത് മന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ഹോട്ടലില്‍ നിന്ന്! പത്രവാര്‍ത്തയായി; അത്ര തന്നെ. ഇതെല്ലാം പുറത്തു വന്ന കാര്യങ്ങള്‍. ഒന്നും വെളിയില്‍ വരാതിരിക്കാന്‍ ഇപ്പോള്‍ നിയമമുണ്ട്. ഔദ്യോഗിക പദവി വഹിക്കുന്നവരെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണത്രെ. പരമ രഹസ്യമായിരിക്കണം. ആരെങ്കിലും വെളിപ്പെടുത്തിയാല്‍, കേസ് വെളിപ്പെടുത്തിയവര്‍ക്കെതിരെ.
ഇതെല്ലാം ഇന്ത്യയില്‍ നടക്കും; ഇന്ത്യയില്‍ മാത്രം. ആളും തരവും നോക്കി നിയമം ‘വളയും’. ‘വളക്കും’. ‘കേച്ച് ദ ബിഗ് ഫിഷ്’-‘പിടിക്കുക വലിയ മീനിനെ’-പറഞ്ഞത് പ്രധാനമന്ത്രിയായിരിക്കെ ഡോ. മന്‍മോഹന്‍ സിംഗ് (ഇന്ത്യന്‍ എക്സ്പ്രസ് 27.8.2009) അദ്ദേഹം വ്യക്തമാക്കി: ഇന്ത്യയില്‍ പൊതുവെ ഒരു തോന്നലുണ്ട്. ചെറിയവര്‍ക്കെതിരായ കേസുകള്‍ വേഗം അന്വേഷിക്കും, കേസെടുക്കും, ശിക്ഷിക്കും. എന്നാല്‍, ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരാണ് ആരോപണമെങ്കില്‍ നടപടി പതുക്കെ (ആമ വേഗം എന്ന ശൈലി) എന്നിട്ടോ?
ഇതാണ് ഇന്ത്യ. ഒരു അമേരിക്കന്‍ വാര്‍ത്ത ശ്രദ്ധിക്കുക-കുറച്ച് പഴയതാണെങ്കിലും (ഇന്ത്യന്‍ എക്സ്പ്രസ് 7.9.2009)സ്ഥലം വാഷിംഗ് ടണ്‍. അമേരിക്കയില്‍ ഗവര്‍ണര്‍ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരന്‍. ഹിന്ദു മതം മാറി ക്രിസ്ത്യാനിയായി-ബോബി ജിന്‍ഡാല്‍. കടുത്ത മതവിശ്വാസി. (പുതുക്രിസ്ത്യാനിയായിരിക്കും ഏറെ വിശ്വാസി എന്ന് പറയാനുണ്ടല്ലോ). ഗവര്‍ണ്ണര്‍ ജിന്‍ഡാല്‍ എല്ലാ ഞായറാഴ്ചയും രാവിലെ പള്ളിയിലെത്തും. ഗവര്‍ണ്ണരല്ലേ, ഔദ്യോഗിക യാത്രയാണ് പള്ളിയിലേക്ക് വിമാനത്തില്‍. ലൂസിയാനയിലെ ന്യൂ ചാപ്പല്‍ ഹില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലേക്ക്. അഞ്ചുമാസം ഇത് നടന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു. വാഷിംങ്ടണ്‍ പോസ്റ്റിന്റെ ഓണ്‍ ഫെയിത്ത് എഡിറ്റര്‍ എഴുതി: അമേരിക്കയില്‍ പൊളിറ്റിക്കിങ്ങും പ്രീച്ചിങ്ങും (രാഷ്ട്രീയവും മതവും) തമ്മില്‍ ഒരു കരാറുണ്ട്. ഗവര്‍ണ്ണര്‍ ജിന്‍ഡാല്‍ അത് ലംഘിച്ചു. ഒരു ഗവര്‍ണ്ണര്‍ അല്ലെങ്കില്‍, ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാള്‍. മത ചടങ്ങില്‍ സംബന്ധിക്കാന്‍ പാടില്ല; അതിനായി പൊതുപണം വിനിയോഗിക്കുന്നത് തെറ്റും കുറവും. ഗവര്‍ണ്ണര്‍ ജനങ്ങളോട് പരസ്യമായി മാപ്പ് ചോദിക്കണം; പള്ളിയിലേക്കുള്ള യാത്രകള്‍ക്ക് ചെലവായ നാല്‍പതിനായിരം ഡോളര്‍ (വിമാനക്കൂലി) തിരിച്ചടക്കണം. പള്ളിയില്‍ നിന്നും പുരോഹിതന്‍ വിളിക്കുമ്പോള്‍ അങ്ങോട്ട് പറക്കുന്നത് നിര്‍ത്തണം.
ഞാന്‍ സത്യക്രിസ്ത്യാനി. ഞായറാഴ്ച പള്ളിയിലെത്തണ്ടത് എന്റെ മതപരമായ കടമ. ഗവര്‍ണ്ണര്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. ഒന്നും ഏറ്റില്ല.
അവിടെ അങ്ങനെ; ഇവിടെ ഇങ്ങനെ. ഇന്ത്യ എന്ന ഭാരതത്തില്‍! എങ്ങനെ എന്ന് ഇനി പറയേണ്ടതുണ്ടോ?