നീലേശ്വരത്ത് യു ഡി എഫ് ചത്ത കുതിര: മുഹമ്മദ് റാഫി

നീലേശ്വരം: നീലേശ്വരം നഗരസഭയിൽ യു ഡി എഫ് ചത്ത കുതിരയാണെന്നു മുൻസിപ്പൽ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി പറഞ്ഞു.ഒരു പ്രതിപക്ഷമുണ്ടെന്ന് നാട്ടുകാരെ വിളിച്ചറിയിക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് നഗരസഭാ മന്ദിരത്തിന് മുന്നിൽ പ്രതിപക്ഷം നടത്തിയ ധർണ്ണയെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ള ഈ രാഷ്ട്രീയ സ്റ്റണ്ട്നാടകം ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. നീലേശ്വരത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ആധുനിക ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയായി വരികയാണ്. 16.15 കോടി രൂപ ചെലവിൽ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടെ നിർമ്മിക്കുന്ന ബസ്റ്റാൻഡ് യാഡും മൂന്ന് നിലകളിൽ ഷോപ്പിംഗ് കോംപ്ലക്സും നഗരത്തിന്റെ മുഖച്ഛായ മാറ്റും . ഈ വർഷം ഫെബ്രുവരി 16 നാണ് തറക്കല്ലിട്ടതെങ്കിലും അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സംവിധാനത്തിൻ്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ട് നിലകളുടെയും ഘടനാനിർമ്മിതി പൂർത്തിയായിക്കഴിഞ്ഞു. മുന്നൂറോളം ഓട്ടോമാറ്റിക് ബൾബുകളും മുപ്പതോളം മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചുവരുന്നു. പ്രവൃത്തിയുടെ മുക്കാൽ പങ്കും പൂർത്തിയായിരിക്കെ തങ്ങൾ സമരം നടത്തിയതുകൊണ്ടാണ് പദ്ധതികൾ നടപ്പാവുന്നത് എന്നു വരുത്തിത്തീർക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉന്നം. ഏത് പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴും, ഏത് പദ്ധതി പൂർത്തീകരിക്കുമ്പോഴും തൊട്ടുമുമ്പ് ഒരു സമരം സംഘടിപ്പിച്ച് ചുളുവിൽ ക്രെഡിറ്റ് നേടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിൻ്റേത്. നഗരത്തിലെ വിവിധ വാർഡുകളിലെ പ്രധാനപ്പെട്ട മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണ്'. കച്ചേരിക്കടവ് പാലത്തിൻ്റെയും മാട്ടുമ്മൽ _കടിഞ്ഞിമൂല പാലത്തിന്റെയും നിർമ്മാണം പുരോഗതിയിലാണ്. ആനച്ചാലിലും ചിറപ്പുറത്തും പടിഞ്ഞാറ്റം കൊഴുവലിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ ജനങ്ങൾക്ക് സാധാരണ ആരോഗ്യ സേവനങ്ങൾ കയ്യെത്തും ദൂരത്ത് ലഭിച്ചു . ഐസൊലേഷൻ വാർഡിന്റെ പൂർത്തീകരണവും ഡയാലിസിസ് കേന്ദ്രത്തിന്റെ വികസനവും നിർദിഷ്ട പ്രസവ വാർഡിന്റെ നിർമ്മാണവും സാധ്യമാകുന്നതോടെ നീലേശ്വരം താലൂക്ക് ആശുപത്രി ജില്ലയിലെ തന്നെ മുൻനിര ആശുപത്രിയായി മാറും. കാസർകോട് വികസന പാക്കേജിൽ 2.25 കോടി അനുവദിച്ച നഗരസഭാ ബഡ്സ് സ്കൂളിൻ്റെ പുതിയ കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിലാണ് . അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നാ രാം കുളങ്ങര, പാലായി, മന്നംപുറം കുളങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു. പാണ്ടിക്കോട്, വേളുവയൽ കുടിവെള്ള പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിലെത്തി. സുവർണവല്ലി, തൈക്കടപ്പുറം, കോയാമ്പുറം കുടിവെള്ള പദ്ധതികളുടെയും നടപടിക്രമങ്ങൾ ആരംഭിച്ചു. ചാത്തമത്ത് ശ്മശാനം ആധുനിക വാതക ശ്മശാനമാക്കി മാറ്റി. ചിറപ്പുറം വാതകശ്മശാനം പൂർത്തീകരണ ഘട്ടത്തിലാണ്. നഗരസഭ പരിധിയിൽ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതിരുന്ന നാല് അംഗൻവാടികളിൽ മൂന്നെണ്ണത്തിനും സ്ഥലം ലഭ്യമാക്കി. ഇതിൽ ഒരു അംഗൻവാടിയുടെ കെട്ടിടം നിർമ്മാണം പൂർത്തിയായി. രണ്ടെണ്ണത്തിന്റെ നിർമ്മാണം പുരോഗതിയിലാണ്. സംരംഭക വർഷത്തിലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ എം. എസ്. എം. ഇ അവാർഡ് കരസ്ഥമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു. അപ്പാരൽ യൂണിറ്റ് ആരംഭിചു. ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വനിതാ ബാസ്കറ്റ് ബാൾ കോർട്ടും ഷട്ടിൽ കോർട്ടും ഉദ്ഘാടനം ചെയ്തു. മാർഷൽ അക്കാഡമിക്ക് വേണ്ടിയുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചു . ഗാന്ധി സ്മൃതി മണ്ഡപം പുനർനിർമ്മിച്ചു. ചിറപ്പുറത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിന്റെ നവീകരണം സമയ ബന്ധിതമായി പൂർത്തിയായി വരികയാണ്. നഗരസഭയുടെ സമഗ്ര വികസനത്തിന് അടിത്തറയിടുന്ന പദ്ധതികൾ ആസൂത്രണത്തോടെ നടപ്പാക്കി വരുമ്പോൾ ഒപ്പം നിൽക്കുന്നതിനു പകരം വികസനത്തിന് തുരങ്കം വയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതിന്നു അദ്ദേഹം തുടർന്ന് പറഞ്ഞു.
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page