തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലമായ സംഭവത്തില്‍ എ ഡി ജി പി എം ആര്‍ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡി ജി പിക്ക് സമര്‍പ്പിച്ചു.
തൃശൂര്‍പൂരം അലങ്കോലപ്പെട്ടതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം അലങ്കോലപ്പെട്ടതില്‍ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഏകോപനത്തിലും അനുനയത്തിലും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത്ത് അശോകിന് വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു അഞ്ചുമാസം മുമ്പ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ചയാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.
അന്വേഷണ റിപ്പോര്‍ട്ടിനെ പാറമേക്കാവ് ദേവസ്വം തള്ളി. പ്രതീക്ഷിച്ച കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും പൂരം അലങ്കോലമായതിനെ കുറിച്ച് സി ബി ഐ അന്വോഷിക്കണമെന്നും ദേവസ്വം അധികൃതര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിനെ അംഗീകരിക്കാനാകില്ലെന്ന് സി പി ഐ നേതാവ് വി എസ് സുനില്‍കുമാറും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പറഞ്ഞു. പൂരം കലക്കലില്‍ ഗൂഢാലോചനയുണ്ട്. കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാന്‍ കഴിയില്ല. പൂരം അലങ്കോലമായതില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് കൈ കഴുകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു കോണ്‍. നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പൂരം കലങ്ങിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.