മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

 

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15ന് ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂള്‍, മുനവുറല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതോടെ പഠനം ഉപേക്ഷിച്ചു. എറണാകുളത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്യൂണിസ്റ്റുകാര്‍ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായിരുന്നു. 1950-ല്‍ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മര്‍ദനത്തിന് ഇരയായി. 22 മാസം ജയിലില്‍. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ത്തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസം അനുഭവിച്ചു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഒരേയൊരു തവണയെ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. 1969-ല്‍ പ്രഥമ കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970-ലും 2006-ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എറണാകുളം മണ്ഡലത്തിലും 1977-ല്‍ പള്ളുരുത്തിയിലും 1991-ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980-ല്‍ ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍നിന്ന് വിജയിച്ചു. 1984-ല്‍ മുകുന്ദപുരത്ത് പരാജയപ്പെട്ടു.
എറണാകുളം ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന ടി.കെ.രാമകൃഷ്ണന്‍ 1967-ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് ലോറന്‍സ് സെക്രട്ടറിയായത്.
1986 മുതല്‍ 1998 വരെ ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കണ്‍വീനറായിരുന്നു.
1998 മുതല്‍ 2013 വരെ സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. 2015-ല്‍ ആലപ്പുഴയില്‍ നടന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം പ്രായാധിക്യത്തെ തുടര്‍ന്ന് ലോറന്‍സിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
ഭാര്യ പരേതയായ ബേബി. മക്കള്‍: അഡ്വ. എം.എല്‍. സജീവന്‍, സുജാത, അഡ്വ. എം.എല്‍. അബി, ആശ ലോറന്‍സ്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page