തസ്യക്വമൂലം സ്യാദന്യത്രദ്യോദ് ഭി: സോമ്യ
ശുങ്‌ഗേന തേജോമൂലമന്വിച്ഛ, തേജസാ സോമ്യ
ശുങ്ഗേന സന്മൂലമന്വിച്ഛ, സന്മൂലാ: സോമ്യ ഇമാ:
സര്‍വ്വാ: പ്രജാ: സദായതനാ: സത്പ്രതിഷ്ഠാ: യഥാ
നുഖലു സോമ്യേമോസ്ത്രിസ്യോ ദേവതാ: പുരുഷം
പ്രാപ്യത്രിമൃത് ത്രിവൃദേകൈകോ ഭവതി
തദുക്തം പുരസ്താദേവ ഭവത്യസ്യസോമ്യ പുരുഷസ്യ
പ്രയതോ വാങ്മനസി സമ്പദ്യതേ മന:പ്രാണേ
പ്രാണസ്‌തേജസി തേജ: പരസ്യാം ദേവതായാം
സാരം: അതിന്റെ മൂലം ജലമല്ലാതെ മറ്റെന്തായിരിക്കും? അല്ലയോ സൗമ്യ, ജലമാകുന്ന കാര്യം കൊണ്ട് അതിന്റെ കാരണമായ തേജസ്സിനെ അറിയുക. തേജസ്സാകുന്ന കാര്യം കൊണ്ട് അതിന്റെ കാരണമായ സദ് വസ്തുവിനെ അറിയുക. ഇക്കണ്ട പ്രജകളെല്ലാം സത്താകുന്ന കാരണത്തില്‍ നിന്നുണ്ടായവയും സത്തില്‍ തന്നെ നിലനില്‍ക്കുകയും ഒടുവില്‍ സത്തില്‍തന്നെ ലയിക്കുന്നവയുമാകുന്നു. അല്ലയോ സൗമ്യ, ഈ മൂന്നു ദേവതകളും (അഗ്നി, ജലം, പൃഥ്വി)പുരുഷനെ പ്രാപിച്ച് ഓരോന്നും എങ്ങനെ മുമ്മൂന്ന് ഭാഗങ്ങളായിത്തീരുന്നുവെന്ന് (ത്രിവൃത്കരണം) മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അല്ലയോ സൗമ്യ, ഈ ദേഹം വിട്ട് മരിച്ചു പോകുന്ന ഒരു മനുഷ്യന്റെ വാക്ക് മനസ്സിലും, മനസ്സ് പ്രാണനിലും പ്രാണന്‍ തേജസ്സിലും, തേജസ്സ് പരയായ ദേവതയിലും ലയിക്കുന്നു.
കാര്യകാരണ ശൃംഖലയുടെ തത്വം ഒരിക്കല്‍കൂടി ഋഷി ഈ മന്ത്രത്തിലൂടെ ഉറപ്പിക്കുകയാണ്. പരമാത്മാവില്‍ നിന്ന് എങ്ങനെയാണോ പഞ്ചഭൂതങ്ങളും ജീവജാലങ്ങളും പ്രപഞ്ചവും ഉണ്ടായത്, അതേ ക്രമത്തില്‍ തന്നെയാണ് അതിലേക്ക് തിരിച്ചു പോകുന്നത് എന്നും ഉദാഹരണ സഹിതം അദ്ദേഹം ശിഷ്യനെ മനസ്സിലാക്കുന്നു. മരണാസന്നനായ ഒരു മനുഷ്യന്റെ വാക്ക് ആദ്യം മനസ്സില്‍ ലയിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെടുന്നു. എന്നാല്‍ മനസ്സ് നിലനില്‍ക്കുന്നത് കൊണ്ട് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നില്ല. പിന്നീട് സുഷുപ്ത്യാവസ്ഥയില്‍ മനസ്സ് ലയിക്കുന്നത് പോലെ മനസ്സ് പ്രാണനില്‍ ലയിക്കുന്നതോടെ ബോധം നഷ്ടപ്പെടുന്നു. പിന്നീട് പ്രാണന്‍ തേജസില്‍ ലയിക്കുന്നു. അപ്പോള്‍ ശരീരത്തില്‍ ജീവന്റെ അടയാളമായ ചൂട് മാത്രം അവശേഷിക്കുന്നു. ശരീരത്തിലെ ചൂട് അതിന്റെ കാരണമായ ആത്മസത്തയില്‍ ലയിക്കുന്നതോടെ മരണത്തിന്റെ പ്രക്രിയ പൂര്‍ത്തിയാകുന്നു. മരിക്കുന്നതിനു മുമ്പായി ആത്മജ്ഞാനം ആര്‍ജ്ജിക്കുന്നവന് ജനനമരണ ചക്രത്തിന്റെ സംസാരം പിന്നീട് ഉണ്ടാകുന്നില്ല. അതില്ലാതെ മരിക്കുന്നവന്‍ ആര്‍ജ്ജിച്ച വാസനകളുടെ പൂര്‍ത്തീകരണത്തിനായി വീണ്ടും ജനിക്കുന്നു. അടുത്ത മന്ത്രത്തോടെ ഈ ഉപനിഷത്തില്‍ പ്രതിപാദിക്കുന്ന സാമവേദാന്തര്‍ഗതമായ മഹാവാക്യമായ ”തത്വമസി”യുടെ വിശദീകരണം ആരംഭിക്കുന്നു. ഭാരതീയ വേദാന്ത വിദ്യയുടെ അന്തഃസത്തയായ ജീവാത്മ, പരമാത്മ അഭേദത്തെ സൂചിപ്പിക്കുന്ന മഹാവാക്യങ്ങള്‍ നാലെണ്ണമാണ്. ഋഗ്വേദത്തിലെ മഹാവാക്യമായ ”പ്രജ്ഞാനം ബ്രഹ്‌മ” എന്നത് ഐതരേയോപനിഷത്തിലുണ്ട്. യജ്ജുര്‍വേദത്തിന്റെ മഹാവാക്യമായ ”അഹം ബ്രഹ്‌മാസ്മി” ബൃഹദാരണ്യകോപനിഷത്തിലാണ്. സാമവേദത്തിന്റെ മഹാവാക്യം ”തത്വമസി” ഈ ഉപനിഷത്തിലും (ഛാന്ദോഗ്യം) അഥര്‍വ്വ വേദത്തിന്റെ മഹാവാക്യമായ അയമാത്മാബ്രഹ്‌മ മാണ്ഡുക്യോപനിഷത്തിലുമാണ് പ്രതിപാദിച്ചിട്ടുള്ളത്
(തുടരും)