കൊല്ലം: മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിൻ്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ്(46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അരുൺ ചികിത്സയിലിരിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്. പ്രസാദിൻ്റെ ബന്ധു അരുണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ചു കയ്യിൽ കരുതിയ കത്തിയെടുത്തു പ്രസാദ് അരുണിനെ കുത്തുകയായിരുന്നു. കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു. അരുൺ ഇവിടെ എത്തി പെൺകുട്ടിയെ കണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെ അരുൺ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി. പ്രശ്നം സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവും അരുണും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ബന്ധുവിനെ വിട്ട് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീണ്ടും വാക്കേറ്റത്തിൽ എത്തിയതോടെ പിതാവ് കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് അരുണിന്റെ നെഞ്ചിൽ കുത്തി. സാരമായി പരുക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് മൊഴി നല്‍കി. സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല. അതിനാലാണ് കൊലപാതകം ചെയ്തതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.