കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്വാടിയിൽ വെള്ളിയാഴ്ച്ച നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട. അസ്ക്കർ അലിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തത് മൂന്നു കിലോയിൽ അധികം വരുന്ന എം.ഡി.എം.എയെന്നാണ് അനൗദ്യോഗിക വിവരം. ഇതിനു പുറമെ ഒരു കിലോ കഞ്ചാവ്, പേസ്റ്റ് രൂപത്തിലുള്ള മയക്കുമരുന്ന്, നിരവധി ലഹരി ഗുളികകൾ എന്നിവയും പിടികൂടി. പത്വാടിയിലെ വീട്ടിൽ സന്ധ്യ കഴിഞ്ഞും പൊലീസ് പരിശോധന തുടരുകയാണ്. ആഗസ്ത് 30 ന് കളനാട് ,കാപ്പിലിൽ താമസിക്കുന്ന കർണ്ണാടക മൂഡിഗരെയിലെ അബ്ദുൽ റഹിം എന്ന രവി (28) യെ 49.33 ഗ്രാം എം.ഡി. എം.എ യുമായി മേൽപറമ്പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മേൽപറമ്പ് പൊലീസ് കൈനോത്ത് റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തിയ മയക്കുമരുന്ന് പിടികൂടിയത്. ഈ കേസിൽ റിമാന്റിലായിരുന്ന അബ്ദുൽ റഹിം എന്ന രവിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് എം.ഡി.എം.എ കൈമാറിയതിന് പിന്നിൽ അസ്ക്കർ അലിയാണെന്നു വ്യക്തമായത്. തുടർന്ന് ഇയാളെയും കൂട്ടി ഉപ്പളയിലെത്തിയ പൊലീസ് സംഘം തന്ത്രപൂർവ്വം അസ്ക്കർ അലിയെ വലയിലാക്കി. ഇയാളിൽ നിന്നു ലഭിച്ചവിവരത്തെ തുടർന്നാണ് പത്വാടിയിലെ വീട്ടിൽ പരിശോധന നടത്തി വൻ മയക്കുമരുന്നു ശേഖരം കണ്ടെത്തിയത്. അസ്ക്കർ അലി ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഇയാൾക്കു പിന്നിൽ ബംഗ്ളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്നു മാഫിയാ സംഘം ഉണ്ടെന്നാണ് സൂചന. മയക്കുമരുന്നു വേട്ടയെ കുറിച്ച് വിശദീകരിക്കുന്നതിനായി കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ ശനിയാഴ്ച വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മയക്കുമരുന്നു വേട്ടയിൽ കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ, ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജ്, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ്, മഞ്ചേശ്വരം പൊലീസ് തുടങ്ങിയവരും സംബന്ധിച്ചു.