കൊച്ചി: മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി. നടിയുടെ അടുത്ത ബന്ധുവായ തൊടുപുഴ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. 2014 ല്‍ ഓഡിഷനായി ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു. കുറെ പെണ്‍കുട്ടികളെ നടി ഇതുപോലെ പലര്‍ക്കും കാഴ്ചവെച്ചിട്ടുണ്ട്. അലറി വിളിച്ചു കരഞ്ഞിട്ടാണ് അവിടെ നിന്നും രക്ഷപെട്ടതെന്ന് യുവതി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ഒരുപാട് പെണ്‍കുട്ടികളെ സെക്‌സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും യുവതി പറഞ്ഞു. തമിഴ്‌നാട്, കേരള ഡി ജി പി മാര്‍ക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കി. യുവതിയുടെ പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം യുവതിയില്‍ നിന്ന് മൊഴിയെടുക്കും. അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതില്‍ വിരോധം തീര്‍ക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. മുകേഷിന്റെ ആളുകളില്‍ നിന്ന് കാശുവാങ്ങിയാണ് പരാതിക്കാരി തനിക്കെതിരെ രംഗത്തു വന്നത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.