ഞാങ്ങ കഞ്ഞി കുടിച്ച കുഞ്ഞങ്ങണം

പുത്തന്‍ തലമുറക്ക് അന്യാധീനപ്പെട്ടു പോയ ഞങ്ങളുടെ കുട്ടിക്കാല ഓര്‍മ്മകള്‍ അയവിറക്കിയാല്‍ അവര്‍ക്കത് ആസ്വദിക്കാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും പറയാതിരിക്കാന്‍ പറ്റില്ല. വെണ്ണക്കല്‍ പാകിയ തറയിലെ തിളങ്ങുന്ന തീന്‍മേശമേല്‍ വിളമ്പിയ ഭക്ഷണം സോഫാ സെറ്റിയിലിരുന്ന് ടി.വിയില്‍ കണ്ണും നട്ട് സുഭിക്ഷമായി കഴിക്കുന്ന ന്യൂജന്‍സിന് ഇത് പഴങ്കഥയാവാം.
ഞങ്ങളുടെ കുട്ടിക്കാലത്ത് ഉച്ചക്ക് കഞ്ഞിയാണ് കുടിക്കുക. രാവിലെ കുളുത്തതും. ഇവ കഴിക്കാനുളള പാത്രം കിണ്ണം, കാസ കുഞ്ഞങ്ങണം, മങ്ങണം, പിഞ്ഞാണം എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
ചാണകം മെഴുകിയ തറയില്‍ തെരിയ ഉപയോഗിച്ചോ പല ഉപയോഗിച്ചോ ഇതൊന്നുമില്ലാതെ തറയില്‍ പടിഞ്ഞിരുന്നോ, കുത്തിയിരുന്നോ ആണ് ഭക്ഷണം കഴിച്ചിരുന്നത്. മേല്‍ പറഞ്ഞ ഉപകരണങ്ങളില്‍ പലതും പുതുതലമുറക്ക് അജ്ഞാതമായിരിക്കും. പിത്തള എന്ന ലോഹം കൊണ്ടുണ്ടാക്കുന്നതാണ് കിണ്ണം.
ഇത് പല വലുപ്പത്തിലുണ്ടാകും. വീട്ടിലെ കാരണവര്‍ക്കാണ് ഈ കിണ്ണത്തില്‍ ഭക്ഷണം കൊടുക്കുക.
പിന്നെ കുറച്ച് സാമ്പത്തിക കഴിവുള്ള വീടുകളിലെ ഈ പാത്രം കാണൂ. കാരണം ഇത് അത്യാവശ്യം വിലയുള്ളതാണ്.
ശില്‍പിയും ചിത്രകാരനുമായ കൂക്കാനം സുരേന്ദ്രന്‍ തന്റെ അച്ചാച്ചന്‍ ഉപയോഗിച്ച കിണ്ണത്തിന്റെ കഥ ഒരിക്കല്‍ പറയുകയുണ്ടായി. സുരേന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട പാത്രമായിരുന്നത്രേ അത്. അച്ചാച്ചന്‍ ഭക്ഷണം കഴിച്ചതിനു ശേഷം അതേ പാത്രത്തിലാണ് സുരേന്ദ്രനും കഴിക്കുക. കള്ളവാറ്റ് പിടിക്കാന്‍ എക്സൈസുകാര്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ മറ്റ് പാത്രങ്ങളുടെ കൂടെ ഈ കിണ്ണവും തൊണ്ടിമുതലായി അവര്‍ കൊണ്ടു പോയി.സുരേന്ദ്രന്‍ വളര്‍ന്നു വലുതായി.
ഇടക്ക് പെയിന്റിംഗ് പണിക്കും പോകാറുണ്ട്. ഏതോ ഒരു വലിയ വീട്ടിന്റെ പെയിന്റിംഗ് പണിക്കു പോയപ്പോള്‍ വീട് വൃത്തിയാക്കുന്നതിനിടയില്‍ പത്തായത്തിന്റെ അടിയില്‍ വെച്ച ഓട്ടു പാത്രത്തില്‍ തട്ടി ശബ്ദമുണ്ടായി പോലും.
എന്താണെന്നറിയാന്‍ പുറത്തേക്കെടുത്തുനോക്കി. സുരേന്ദ്രന്‍ അത്ഭുതപ്പെട്ടുപോയി. അതേ ഇതു അച്ചാച്ചന്‍ ഉപയോഗിച്ച കിണ്ണം തന്നെ. അന്ന് പണി മതിയാക്കി ആ കിണ്ണവുമായി നേരെ വീട്ടിലേക്കോടി. അച്ഛനെയും അമ്മയേയും കാണിച്ചു അത് തന്നെയാണെന്ന് ഉറപ്പുവരുത്തി. കളഞ്ഞു പോയ കിണ്ണം തിരിച്ചു കിട്ടിയ ആ കഥക്കു പിന്നില്‍ വേറെയും കഥകളുണ്ടാവാം.
പക്ഷെ താന്‍ ഭക്ഷണം കഴിച്ച പാത്രത്തോടുള്ള പ്രണയം മാത്രമേ സുരേന്ദ്രന്‍ എപ്പോഴും പറയാറുള്ളു. പിന്നെയുള്ളത് മങ്ങണം എന്ന് പേരുള്ള പാത്രമാണ്. അത് മണ്ണുകൊണ്ട് ഉണ്ടാക്കുന്നതാണ്. കുലാല വിഭാഗക്കാരാണ് മണ്‍പാത്രങ്ങളുണ്ടാക്കി വീടുകളിലെത്തിച്ചിരുന്നത്. പക്ഷെ ഇപ്പൊ തമിഴ്നാട്ടില്‍ നിന്നും വരുന്നുണ്ട്. ഇപ്പൊ പിന്നെ ചില ഹോട്ടലുകാരൊക്കെ പഴയതിലേക്ക് തിരിച്ചു പോക്ക് നടത്തുന്നുണ്ട്. ചട്ടിക്കഞ്ഞി, ചട്ടിച്ചോറ് എന്നൊക്കെ പേരിട്ട് മണ്‍പാത്രത്തില്‍ ഭക്ഷണ വിതരണം ചെയ്തു വരുന്നുണ്ട്.
കറി കുഞ്ഞങ്ങണത്തിലാണ് വിളമ്പുക. കറി എടുക്കാന്‍ സ്പൂണൊന്നുമില്ല. വിരലുകള്‍ ഉപയോഗിച്ചാണ് ചോറില്‍ കറി നനയ്ക്കുക. വിരലു ഊമ്പി കുടിക്കുകയും ചെയ്യും. ഭക്ഷണം കഴിക്കുമ്പോള്‍ ഒരാള്‍ മുമ്പില്‍ വന്നിരിക്കും.
മ്യാവൂ… മ്യാവൂ… കരഞ്ഞു കൊണ്ടു. കഴിക്കുന്നതില്‍ നിന്ന് ഒരുപിടിച്ചോറ് കക്ഷിക്കാണ്.
ചിലപ്പോള്‍ രണ്ടു പേരുണ്ടാവും. ചോറായാലും കഞ്ഞിയായാലും ഞങ്ങള്‍ക്ക് തന്നെ വയറുനിറച്ചും കിട്ടില്ല. അത് കൊണ്ട്
കരച്ചിലിന്റെ ദ്രോഹം കൂടുമ്പോള്‍ പൂച്ചയുടെ കണ്ണില്‍ കറി തെറിപ്പിക്കും. അപ്പോ അവര് സ്ഥലം വിടും, അതാണ് ഉപായം.
പിന്നെ എന്റെ വീട്ടില്‍ കഞ്ഞി വിളമ്പിത്തന്നിരുന്നത് ‘കാസ’യിലാണ്. ഒരു കാസയേ വീട്ടിലുണ്ടായിരുന്നുള്ളു. എന്റെ ഓര്‍മ്മയില്‍ വക്ക് പൊട്ടിയ വെളുത്ത കാസയായിരുന്നു അത്. ആണുങ്ങള്‍ക്ക് കാസയിലും പെണ്ണുങ്ങള്‍ക്ക് മങ്ങണത്തിലുമാണ് ഭക്ഷണം കൊടുത്തിരുന്നത്. ഒന്നുരണ്ട് ‘ബസ്സി’യും വീട്ടിലുണ്ടായിരുന്നത് ഓര്‍മ്മയുണ്ട്.
വലിയ ബസ്സിയും ചെറിയ ബസ്സിയുമായിരുന്നു അത്. എന്തെങ്കിലും ചടങ്ങുണ്ടെങ്കില്‍ വലിയ ബസ്സിയിലാണ് ചോറു വിളമ്പുക. നിലത്ത് നാലു പലക വച്ച് നാലുപേരും ഒന്നിച്ചിരിക്കും. നാലുഭാഗത്തു നിന്നും വാരി തിന്നും.
കറി വലിയൊരു ‘പിഞ്ഞാണ’ത്തില്‍ വിളമ്പും. എന്തൊരു ഒരുമയായിരുന്നു അക്കാലത്തെ ഭക്ഷണം കഴിക്കുന്ന രീതിയില്‍. കഞ്ഞിയാണെങ്കിലും അങ്ങിനെ തന്നെ. വലിയ കാസയില്‍ വിളമ്പും നാല് ചെറിയ കയില്‍ ഉപയോഗിച്ച് കോരി കുടിക്കും. ഇന്നത്തെ ആള്‍ക്കാര്‍ക്ക് അത് ചിന്തിക്കാന്‍ പോലും കഴിയില്ല. അക്കാലത്ത് ഉച്ച സമയത്ത് കഞ്ഞിയും രാത്രി സമയത്ത് ചോറുമായിരുന്നു കഴിച്ചിരുന്നത്. ഇന്നത് മാറിയെങ്കിലും ഞങ്ങളുടെ പ്രായക്കാര്‍ ഉച്ച സമയത്ത് പരസ്പരം അന്വേഷണം നടത്തുക ‘കഞ്ഞി കുടിച്ചാ’ എന്നാണ്. നിലത്തു കൂട്ടിയ അടുപ്പില്‍ തീകൂട്ടി മണ്‍കലത്തില്‍ കഞ്ഞിയും മണ്‍ചട്ടിയില്‍ കറിയും പാകം ചെയ്തു കഴിച്ച രുചി ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിയാം, എങ്കിലും ഓര്‍ത്തുപോവുമ്പോള്‍ നാവില്‍ വെള്ളമൂറും. എന്നും ഒരു കറിയേ ഉണ്ടാവു. പരിപ്പ്, മുതിര, തുവര ഇതേതെങ്കിലുമായിരിക്കും കറി.
ചിലപ്പോള്‍ കാമ്പ്, കൂമ്പ്, കണ്ട, തവരയില, മുരിങ്ങയില എന്നിവയുടെ വറവുമുണ്ടാവും. ചില അവസരങ്ങളില്‍ പപ്പടമോ, ഉണക്ക മീനോ തീയില്‍ ചുട്ട് തിന്നും. മീന്‍ കാലമായാല്‍ മത്തി സ്ഥിരം കറിയായിരിക്കും. ഇപ്പോള്‍ അക്കാലത്തെ പോലെ രുചിയുള്ള മത്തിയും അയലയും മുള്ളനും ഒന്നും കിട്ടാനില്ല. ഭക്ഷണം കഴിക്കും മുമ്പും കഴിച്ച ശേഷവും കയ്യും വായും കഴുകാന്‍ മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ പാനിയില്‍ കോരി വെച്ചിട്ടുള്ള വെള്ളം ഉപയോഗിക്കും. അക്കാലത്ത് മണ്‍പാനിയാണ് ഉപയോഗിക്കാറ്. എന്റെ വീട്ടില്‍ ഇറയത്ത് വലിയ ചെമ്പു പാത്രത്തില്‍ വെള്ളം കോരി വെക്കും. കൈകഴുകാന്‍ ‘ഓലങ്കം’ ഉപയോഗിച്ച് അതില്‍ നിന്ന് വെള്ളം കോരി കയ്യും വായും കഴുകും. മണ്‍കലത്തിന്‍ വെച്ച അരി വെന്തു കഴിഞ്ഞാല്‍ മണ്ണ് കൊണ്ടുണ്ടാക്കിയ കഞ്ഞിക്കലത്തിലേക്കാണ് വാര്‍ക്കുക. ‘കലത്തില്‍ നിന്ന് പോയാല്‍ കഞ്ഞിക്കലത്തിലേക്ക് ‘ എന്നൊരു ചൊല്ലുണ്ട്. ഭക്ഷ്യസാധനങ്ങള്‍ക്കൊക്കെ വില കൂടിയ സമയമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ഒരു വറ്റ് പോലും പാഴാക്കിക്കളയാതെ ജീവിച്ചു വന്ന കാലം. അരി വാര്‍ക്കുക ‘അടിച്ചേറ്റി ‘ എന്ന മരം കൊണ്ട് നിര്‍മ്മിച്ച പലക ഉപയോഗിച്ചാണ്. അപ്പോള്‍ കുറച്ച് വറ്റ് കഞ്ഞിക്കലത്തില്‍ വീഴും. രാവിലെ കഞ്ഞിക്കലത്തിലെ ‘കുളുത്ത വെള്ളം’ കുടിക്കാന്‍ എന്തു രസമാണെന്നോ? ചിലപ്പോള്‍ ഒന്നോ രണ്ടോ വറ്റും കിട്ടും. അതില്‍ അല്‍പം മോരും കൂട്ടിയാലത്തെ രസം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ആറു പതിറ്റാണ്ടിന് മുമ്പ് മദ്രസയില്‍ നിന്ന് ഉസ്താദ് പറഞ്ഞു പഠിപ്പിച്ച കാര്യം ഞാനിന്നും ഓര്‍ക്കാറുണ്ട്. ‘ഒജീനം മുമ്പിലെത്തിയാല്‍ അതാതാളുടെ മുമ്പില്‍ നിന്നേ വാരിക്കഴിക്കാവൂ.
കറി കൂട്ടി വലതുകൈ കൊണ്ട് ഉരുളയാക്കി പെരുവിരല്‍ ഉപയോഗിച്ച്’ബിസ്മിയും പറഞ്ഞ് വായിലേക്കിട്ട് സാവധാനത്തില്‍ ചവച്ചരച്ച് ഇറക്കണം. ഒജീനത്തോട് ആദരവ് കാണിക്കണം. ഒരു വറ്റുപോലും നിലത്ത് വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. ശാസ്ത്ര ബോധം വളരെയൊന്നും വളര്‍ച്ച എത്താത്ത കാലത്തു പോലും ഭക്ഷണ ശീലത്തെക്കുറിച്ച് ബോധ്യപ്പെടുത്തിത്തന്നത് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page