മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. യു.എ.ഇയിൽനിന്നു വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിൽനിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പരും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2 ദിവസം മുമ്പാണ് ദുബായിൽ നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് ഇയാൾ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്.