കാസര്‍കോട്: തിരുവോണ നാളില്‍ ഗൃഹനാഥന്‍ മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഭാര്യയേയും രണ്ടു മക്കളെയും വിഷം അകത്തു ചെന്നു അവശനിലയില്‍ വീട്ടിനകത്തും കണ്ടെത്തി. മൂന്നു പേരെയും മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ, പുത്തക്കാലിലാണ് സംഭവം. നീലേശ്വരം, തട്ടാച്ചേരി, കോട്ടവളപ്പില്‍ വിജയന്‍ (54) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി (45), മക്കളായ ലയന (18), വിശാല്‍ (14) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്.
തിരുവോണ ദിവസം രാത്രി 12 മണിയോടെ വിജയന്റെ വീട്ടില്‍ നിന്ന് കൂട്ട നിലവിളി ഉയര്‍ന്നതോടെയാണ് വിവരം അയല്‍വാസികള്‍ അറിഞ്ഞത്. അയല്‍ക്കാര്‍ എത്തുമ്പോഴേക്കും ലക്ഷ്മിയും മക്കളും ഛര്‍ദ്ദിച്ച് അവശ നിലയിലായിരുന്നു. വിഷം അകത്തു ചെന്നതാണെന്ന സംശയത്തില്‍ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വിജയനെ കണ്ടെത്താന്‍ നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം പറമ്പിലെ മരത്തിനു കീഴില്‍ കമിഴ്ന്നു കിടന്ന നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിക്കുന്നതിനിടയില്‍ കയര്‍ പൊട്ടി വീണതായിരിക്കുമെന്നു സംശയിക്കുന്നു. വിജയനും വിഷം കഴിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഭാര്യക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം വിജയന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയായിരിക്കാം വിജയനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി കൂട്ടിച്ചേര്‍ത്തു. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.പരേതരായ അമ്പു-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരന്‍ രവീന്ദ്രന്‍.