കാസര്‍കോട്: ഇശല്‍ ഗ്രാമത്തിലെ നബിദിനാഘോഷ പരിപാടിക്ക് മതസൗഹാര്‍ദ്ദ പൊലിമ. നബിദിന റാലിക്ക് മൊഗ്രാല്‍ ഗാന്ധി നഗറില്‍ മധുരപലഹാരങ്ങളും, പാനീയങ്ങളുമായി സ്വീകരിച്ചത് ശ്രീ കോഡ് ദബ്ബു ദൈവസ്ഥാന ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. ഇത് ഇശല്‍ ഗ്രാമത്തിന്റെ മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന വേറിട്ട കാഴ്ചയായി. രമേശ് ഗാന്ധിനഗര്‍, ദിനേശ്, ചിദാനന്ദ, സുരേഷ്, മഹേഷ്, ശ്രീനിവാസ, പ്രഭാകര, ഉദയ, ലക്ഷ്മണ, ലക്ഷ്മിഗാന്ദ്, സദാനന്ദ, സമ്പത്ത്, ദീപക്, റാംദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തിങ്കളാഴ്ച രാവിലെ വിവിധ മദ്രസകളുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. സിറാജുല്‍ മദ്രസ കൊപ്പളം, മൊഗ്രാല്‍ ടൗണ്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസ, ബദറുല്‍ ഉലൂം മദ്രസ നാങ്കി, ഷറഫുല്‍ ഇസ്ലാം മദ്രസ ചളിയങ്കോട്, നൂറുല്‍ ഹുദാ മദ്രസ മഹിയദ്ദീന്‍ പള്ളി, അല്‍ മദ്രസത്തുല്‍ ആലിയ കടവത്ത് എന്നീ മദ്രസകളുടെ നേതൃത്വത്തിലായിരുന്നു നബിദിന റാലി സംഘടിപ്പിച്ചത്. നബിദിന റാലിക്ക് മദ്രസ-പള്ളി കമ്മിറ്റി ഭാരവാഹികള്‍, മദ്രസ അധ്യാപകര്‍ നേതൃത്വം നല്‍കി.
നബിദിന റാലിക്ക് വിവിധ സ്ഥലങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മൊഗ്രാല്‍ ടൗണില്‍ ദീനാര്‍ യുവജന സംഘം, മീലാദ് നഗറില്‍ മീലാദ് കമ്മിറ്റി, ലീഗ് ഓഫീസ് പരിസരത്ത് മീലാദ് യുവജന കൂട്ടായ്മ, ഗാന്ധിനഗറില്‍ കൊപ്പളം യൂത്ത് വിങ്ങ്, കടവത്ത് സിറ്റിസണ്‍ കടവത്ത് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മീലാദ് റാലിക്ക് മധുര പാനീയവും, മധുരപലഹാരങ്ങളും നല്‍കി സ്വീകരിച്ചത്.