മലയാളികള്‍ക്ക് ഇന്ന് തിരുവോണം; ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി

 

ഗൃഹാതുര സ്മരണകളുയര്‍ത്തി ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുകയാണ്. വറുതിയുടെ കര്‍ക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോള്‍ നാടും നഗരവും ആഘോഷത്തിലാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികള്‍ നഷ്ടമാക്കാറില്ല. മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. തിരുവോണ ദിനത്തില്‍ മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി നാം തയ്യാറെടുത്ത് കഴിഞ്ഞു. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസമാണ് പ്രധാനമായും ഓണം ആഘോഷിക്കുന്നത്. അതേസമയം, അവിട്ടവും ചതയം മൂന്നാം ഓണം നാലാം ഓണം എന്ന രീതിയില്‍ ആഘോഷിക്കുന്നു. ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. എല്ലായിടത്തും ജയിച്ചവനായിരുന്ന മഹാബലിയുടെ അഹങ്കാരം മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്‌മണ ബാലനായി മഹാവിഷ്ണു അവതരിച്ചു. തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തുവെന്നാണ് ഐതീഹ്യം. വാമനന്‍ പിന്നീട് ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

ഏവർക്കും കാരവൽ മീഡിയയുടെ ഓണാശംസകൾ….

 

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page