കാസര്‍കോട്: ഇരിയണ്ണിയിലും പരിസരങ്ങളിലും നാട്ടിലിറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചത് പുലി തന്നെയാണെന്നു സ്ഥിരീകരണം. ഇരിയണ്ണി, കുണിയേരിക്കു സമീപത്ത് വനം വകുപ്പ് സ്ഥാപിച്ച അത്യാധുനിക ക്യാമറയില്‍ ദൃശ്യം പതിഞ്ഞതോടെയാണ് പുലി സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രായപൂര്‍ത്തിയായ പുലിയുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. പുലിസാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുവച്ചു പിടികൂടാനുള്ള ഒരുക്കങ്ങള്‍ വനംവകുപ്പ് ആരംഭിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമായിരിക്കും കൂടു സ്ഥാപിക്കുക. കൂടു വയ്ക്കുന്നതിനുള്ള അനുമതിക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു കത്ത് നല്‍കി. തോണിപ്പള്ളം, ബെള്ളിപ്പാടി, പാണ്ടിയടുക്ക, മഞ്ചക്കല്‍, കുറ്റിയടുക്കം, കുട്ടിയാനം, മണിയംകോട്, ചീരംഗോഡ്, മിന്നംകുളം എന്നിവിടങ്ങളില്‍ പല തവണ പുലിയിറങ്ങിയതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നാട്ടിലിറങ്ങുന്നത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നുമാണ് വനംവകുപ്പ് വിശദീകരിച്ചിരുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് ദേലംപാടി, മല്ലംപാറയില്‍ കാട്ടുപന്നിയെ പിടികൂടാന്‍ വച്ച കുരുക്കില്‍ പുലി കുരുങ്ങി ചത്ത സംഭവം ഉണ്ടായത്. കുണിയേരി പുതിയവീട്ടിലെ പി. ഗോപാലകൃഷ്ണന്റെ വീടിനു സമീപത്തു നിന്നു തെരുവുനായയെ പുലി പിടിക്കുന്നതു അദ്ദേഹവും മകനും നേരില്‍ കണ്ടിരുന്നു. ഇതോടെയാണ് വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തയ്യാറായത്.