നാരായണന്‍ പേരിയ
‘വാഴയിലയില്‍ ഊണ്’
‘കഴുകിത്തുടച്ച വാഴയിലയില്‍ ഊണ് ഇവിടെ ലഭ്യമാണ്.’
‘വിഭവസമൃദ്ധമായ ഊണ് ഓര്‍ഡര്‍ ചെയ്തത് പ്രകാരം എത്തിച്ചുതരും. ബന്ധപ്പെടേണ്ട നമ്പര്‍…’
പാതയോരങ്ങളില്‍ പരസ്യപ്പലകകള്‍. ഓണാഘോഷം പൊടിപൂരമാക്കാന്‍ എളുപ്പവഴി. പച്ചക്കറി സാധനങ്ങള്‍ തേടി അലയേണ്ട. അരിയും മറ്റ് ധാന്യങ്ങളും മറ്റും വില്‍ക്കുന്ന കടകളിലേക്കും പോകേണ്ട. സകലതും ഒരിടത്തു നിന്നു തന്നെ ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളെയും ഒഴിവാക്കാം. ഓണം നാളില്‍ ഉച്ചക്കു മുമ്പെ യഥാവിധി പാകം ചെയ്ത ഭക്ഷ്യവിഭവങ്ങള്‍ വീട്ടിലെത്തും.
സദ്യയില്‍ തീരുന്നതല്ലല്ലോ ഓണാഘോഷം. പൂക്കളമൊരുക്കണ്ടേ? വര്‍ണ്ണപ്പൂക്കള്‍ തേടി എവിടെ പോകും? എങ്ങോട്ടും പോകേണ്ട; വീട്ടിലെത്തും. പൂക്കളല്ല, റെഡിമെയ്ഡ് പൂക്കളം തന്നെ. മുറ്റത്ത് യഥാസ്ഥാനത്ത്, വിരിക്കാം. മാവേലിത്തമ്പുരാന്‍ എഴുന്നള്ളുമ്പോള്‍ സ്വീകരിച്ച് ഇരുത്താനുള്ള പുഷ്പാസനം.
ഓണക്കളി? സ്‌ക്രീനില്‍ കണ്ടാല്‍ പോരെ? കളിക്കണം എന്നുണ്ടോ? കളിച്ചോളു.
സായാഹ്നചര്‍ച്ച-ഓണാഘോഷത്തിന്റെ ആഗമചരിത്രം സംബന്ധിച്ച്. മഹാബലിയുടെ സന്ദര്‍ശനമാണ് അന്നേദിവസം എന്ന് ഒരാള്‍. ആ മാതൃകാ ഭരണാധികാരിയുടെ വരവ് ആഘോഷിക്കുന്നു-മാവേലിക്കാലം പുനഃസൃഷ്ടിച്ചുകൊണ്ട്. പണ്ട് വാമനനായി അവതരിച്ച മഹാവിഷ്ണു പറഞ്ഞ് കബളിപ്പിച്ച്, പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോള്‍ കൊടുത്ത വരം.
തിരുവോണം നാളില്‍ പുനരാഗമനം. പറഞ്ഞത് പൂര്‍ത്തിയാക്കും മുമ്പെ മറ്റൊരാള്‍:
മഹാബലിയെ അല്ല, വാമനനെയാണ് ഓണം നാളില്‍ വരവേല്‍ക്കുന്നത്. വിഷ്ണുവിന്റെ അവതാരമായ വാമനനെ. മഹാബലി അസുരന്‍. അസുരനെ ആദരിക്കുകയോ?
‘അതെ; അസുരനായ മഹാബലിയെത്തന്നെ.’ ഒന്നാമന്‍ ഏറ്റുപിടിച്ചു: മഹാബലി അസുരന്‍. ആരാണ് അസുരന്‍?
‘എന്ത് അതിക്രമവും ചെയ്യുന്ന ദുഷ്ടവര്‍ഗം. ദേവന്മാരുടെ ശത്രു.’
‘ആണോ? അസുരന്‍ എന്ന പദത്തിന്റെ നിരുക്താര്‍ത്ഥം; സുര ഉപേക്ഷിച്ചവന്‍’ എന്നാണ്.
സുര-ലഹരിപാനീയം.
‘ന വിദ്യതേ സുരയേഷാം തേ അസുരാ:’
ഏവര്‍ക്ക് സുര ലഭിച്ചില്ലയോ, അവര്‍ അസുരന്മാര്‍-(ലിംഗാഭട്ടസൂരി)
‘സുരപ്രതിഗ്രഹാ ദേവ: സുരാ: ഇത്യഭിവിശ്രുതാ:’
അപ്രതിഗ്രഹണാ ആസ്യദൈതേയാശ്ചാസുരാസ്തഥാ.(വാല്‍മികി രാമായണം) സുര (മദ്യം) സ്വീകരിച്ചവര്‍ സുരന്മാര്‍: സുര ഉപേക്ഷിച്ചവര്‍ അസുരന്മാര്‍. അമൃതിനായി പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍, സുര എന്ന ലഹരി പാനീയം പൊങ്ങി വന്നു. മഥന ക്രിയയില്‍ സംബന്ധിച്ച ഒരു കൂട്ടര്‍ അതെടുത്ത് പാനം ചെയ്തു. മറ്റേ കൂട്ടര്‍ നിരസിച്ചു. ആ പാനീയമാണ് സുര. അത് സ്വീകരിച്ചവര്‍ സുരന്മാര്‍ എന്നറിയപ്പെട്ടു. സുര വര്‍ജ്ജിച്ചവര്‍ അസുരന്മാരും. ആരെയാണ് നാം മാതൃകയാക്കേണ്ടത്? മദ്യപാനികളെയോ, മദ്യവര്‍ജ്ജകരെയോ?
തനിക്ക് തപസ്സിരിക്കാനായി മൂന്നടി ഭൂമി ചോദിച്ച വാമനന്‍, മഹാബലി, തരാം; അളന്നെടുത്തോളു എന്ന് സമ്മതം നല്‍കി. ഉടനെ വാമനന്‍ വളര്‍ന്നു. അളവുകോലാക്കേണ്ട പാദം വലുതായി. രണ്ടടി കൊണ്ട് മൂന്ന് ലോകവും അളന്നെടുത്തു. മൂന്നാമത്തെ അടി മഹാബലിയുടെ മൂര്‍ധാവില്‍ വെച്ചു. മഹാബലിയെ സുതലം എന്ന അധോലോകത്തേക്ക് ചവിട്ടിത്താഴ്ത്തി. ആണ്ടിലൊരു ദിവസം ഭൂതലം വന്നു കാണാന്‍ അനുവാദം നല്‍കി എന്ന് കഥ. മധുര സ്മരണാര്‍ഹന്‍ മഹാബലി തന്നെ; വാമനനല്ല. പാടിപ്പഴകിയ മാവേലിപ്പാട്ടില്‍ത്തന്നെയുണ്ട് ഉത്തരം.
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല, ചതിയുമില്ല,
എള്ളോളമില്ലാ പൊളിവചനം.
കള്ളപ്പറയും ചെറുനാഴിയും-എന്ന ഇരട്ടത്താപ്പ് നയം മാവേലിക്കാലത്ത് ഇല്ലായിരുന്നു. വില്‍ക്കുമ്പോള്‍ ഒരളവുപാത്രം; വാങ്ങുമ്പോള്‍ മറ്റൊന്ന്. അതല്ല, ഒരേ അളവും തൂക്കവും
ആധികള്‍, വ്യാധികളൊന്നുമില്ല.
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.
ശിശുമരണമില്ലെങ്കില്‍, ഗര്‍ഭിണികള്‍ക്ക് പോഷകാഹാരത്തിന് മുട്ടില്ല എന്ന്. ഇതെല്ലാം പാടെ മാറി മറിഞ്ഞു മാവേലി പോയതോടെ.
മാവേലിക്കാലത്തിന്റെ പുനരാഗമനം ആണ് ആഗ്രഹിക്കേണ്ടത്. ഇതാ ഓണം വരവായി.