ഗവണ്‍മെന്റ് സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തില്‍ ചത്ത ഓന്ത്. ജാര്‍ഖണ്ഡ് ദംക ജില്ലയിലെ തൊന്‍ഗ്ര മിഡില്‍ സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട 65 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണം കഴിച്ച ഉടന്‍ വിദ്യാര്‍ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ അസ്ഫര്‍ ഹുസ്നെയ്ന്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തില്‍ ചത്ത ഓന്തിനെ കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു. കുട്ടികളുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നും ആരും ഗുരുതരാവസ്ഥയില്‍ ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിഷയം അന്വേഷിച്ചുവരികയാണെന്ന് തോംഗ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഗുരുചരണ്‍ മാഞ്ചി പറഞ്ഞു.