കാസര്‍കോട്: ഓണാഘോഷം സമാധാനപരമായി നടത്തുന്നതിനുള്ള പൊലീസ് നടപടിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ വ്യാപക റെയ്ഡ്. 75 പിടികിട്ടാപ്പുള്ളികളും 14 വാറന്റ് പ്രതികളും അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ എട്ടു മണി വരെ ഒരേ സമയത്താണ് റെയ്ഡ് നടന്നത്. ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിയിലായ പ്രതികളുടെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ്. നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിനും കൈവശം വച്ചതിനും 120 പേര്‍ക്കെതിരെ കേസെടുത്തു.
114 അബ്കാരി കേസുകളും പൊതുസ്ഥലത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിനു 66 കേസുകളും പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിനും വില്‍പ്പന നടത്തിയതിനും 26 കേസുകളും വാഹനങ്ങളില്‍ അമിതഭാരം കയറ്റിയതിന് 11 കേസുകളും രജിസ്റ്റര്‍ ചെയ്തു. 12 സ്ഥലങ്ങളില്‍ കളവു കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളും റെയ്ഡിന്റെ ഭാഗമായി നടന്നു.