കാസര്‍കോട്: ഓണത്തിനു വിളവെടുക്കാനിരുന്ന ചെണ്ടുമല്ലി പൂക്കള്‍ രാത്രിയുടെ മറവില്‍ നശിപ്പിച്ചതാര്? പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പിഴുതെടുത്ത പൂക്കള്‍ തുണിയില്‍ കെട്ടി തോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ പക്ഷിച്ച നിലയില്‍ കണ്ടെത്തി.
അജാനൂര്‍, അടോട്ടാണ് സംഭവം. അജാനൂര്‍ പഞ്ചായത്ത് സിഡിഎസ് അംഗം അടോട്ടെ കെ.സതി, കെ. ശകുന്തള, കൂലോത്ത് വളപ്പിലെ ടി. സുധ എന്നിവരാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ചെണ്ടുമല്ലി കൃഷിയിറക്കിയത്. 175 തൈകളാണ് നട്ടത്. കനത്ത മഴ കാരണം ചെടികളുടെ വളര്‍ച്ച തുടക്കത്തില്‍ പ്രതികൂല സ്ഥിതിയിലായിരുന്നു. എന്നാല്‍ ചെടികള്‍ മൊട്ടിട്ടു തുടങ്ങിയതോടെ സതിയുടെയും കൂട്ടുകാരുടെയും പ്രതീക്ഷ വളര്‍ന്നു. ആരെയും അതിശയിപ്പിക്കുന്ന വലുപ്പത്തിലാണ് പൂക്കള്‍ വളര്‍ന്നത്.
ഓണത്തിനു വിളവെടുക്കാനായിരുന്നു തീരുമാനം. ബുധനാഴ്ച രാവിലെ ടൗണിലേക്ക് പോവുകയായിരുന്ന സുധയുടെ മകള്‍ ഗോപികയാണ് ചെണ്ടുമല്ലി ചെടികളില്‍ പൂക്കള്‍ ഇല്ലാത്ത കാര്യം ആദ്യം അറിഞ്ഞത്. വിവരം നാട്ടില്‍ ചര്‍ച്ചയാവുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് പൂക്കള്‍ തുണിയില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പൂക്കള്‍ പറിച്ചെടുത്തതെന്നു സംശയിക്കുന്നു. അഞ്ചു ചെടികളിലെ പൂക്കള്‍ പറിച്ചെടുത്തിരുന്നില്ല. ഇവ സമീപത്തെ ക്ഷേത്രത്തിലേക്ക് നല്‍കാനായി പ്രാര്‍ത്ഥിച്ച് മാറ്റിവച്ചതായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീന, പഞ്ചായത്ത് സെക്രട്ടറി കെ.എം പ്രദീഷ്, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ സില്‍ന എന്നിവര്‍ സ്ഥലത്തെത്തി.